സർവകലാശാലാ സംശയങ്ങൾ
Monday, October 20, 2025 12:08 AM IST
കേരളത്തിലെ സർവകലാശാലകളിലെ ബിഎ, ബിഎസ്സി, ബികോം പോലുള്ള ബിരുദ പ്രോഗ്രാമുകൾക്ക് ഏകജാലകം വഴിയാണ് പ്രവേശനം നൽകുന്നതെന്ന് മനസിലാക്കുന്നു. എന്നാൽ, ഈ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ വിവിധ ഓട്ടോണമസ് കോളജുകളിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് സർവകലാശാലകൾ നടത്തുന്ന ഏകജാലക രീതിയിലാണോ പ്രവേശനം ലഭിക്കുന്നത് ?
കെ.ആർ. രജനി, നെടുംകണ്ടം, ഇടുക്കി.
കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ ബിരുദബിരുദാനന്തര പ്രോഗ്രാമുകളായ ബിഎ, ബിഎസ്സി, ബികോം, എംഎ, എംഎസ്സി, എംകോം അടക്കമുള്ള പ്രോഗ്രാമുകളിലേക്ക് സർവകലാശാലകൾ ഏകജാലകം വഴിയാണ് വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നത്.
എന്നാൽ, കേരളത്തിലെ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളായ കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി ഇവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾ ആണെങ്കിലും യുജിസിയുടെ അംഗീകാരത്തോട സ്വയംഭരണ അവകാശം അഥവാ ഓട്ടോണമസ് കോളജുകൾ ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കോളജുകളിലെ വിവിധ ബിരുദബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നത് സ്വയംഭരണ അവകാശം ലഭിച്ചിട്ടുള്ള കോളജുകൾ തന്നെയാണ്. ഏകജാലക സംവിധാനത്തിലൂടെ അല്ല ഓട്ടോണമസ് കോളജുകളിലെ പ്രവേശനം.
ഇത്തരം ഓട്ടോണമസ് കോളജുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ താൻ പഠിക്കാൻ ആഗ്രഹിക്കുന്ന കോളജിന്റെ വെബ്സൈറ്റിൽ ഓണ്ലൈനായോ നേരിട്ടോ അപേക്ഷകൾ സമർപ്പിച്ച് ആ അപേക്ഷയിൽ നൽകിയിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിൽ കോളജുകൾ തന്നെ തയറാക്കുന്ന പട്ടിക പ്രകാരം സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണ നിയമങ്ങളും പാലിക്കപ്പെട്ടാണ് പ്രവേശനം പൂർത്തിയാക്കുന്നത്.
എന്നാൽ, കഴിഞ്ഞ അക്കാദമിക വർഷം മുതൽ ഇത്തരം ഓട്ടോണമസ് കോളജുകളിലേക്ക് എത്തുന്ന കുട്ടികളുടെ അപേക്ഷ കുറവ് കാരണം ചില ഓട്ടോണമസ് കോളജുകൾ അവരുടെ പ്രവേശനവും ഏകജാലകം വഴി സർവകലാശാല നടത്തണമെന്ന് നിർദേശങ്ങളും താത്പര്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് ([email protected])