ആരോഗ്യവിദഗ്ധര്ക്കുള്ള കോഴ്സുമായി രാജഗിരി
Thursday, October 9, 2025 12:54 AM IST
കൊച്ചി: ആരോഗ്യവിദഗ്ധരുടെ നേതൃപാടവവും ക്ലിനിക്കല്‍ എക്സലന്‍സും വര്‍ധിപ്പിക്കാന്‍ രാജഗിരി സെന്റര്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ എക്സലന്‍സ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഇന്‍ ലീഡര്‍ഷിപ്പ് (ആര്സിഹീല്) എന്നപേരില്‍ മികവിന്റെ കേന്ദ്രത്തിനു തുടക്കം കുറിച്ച് രാജഗിരി ബിസിനസ് സ്കൂള്‍.
ആര്സിഹീലില്നിന്നുള്ള ആദ്യ കോഴ്സിലേക്കു രജിസ്ട്രേഷന് ആരംഭിച്ചതായി ആര്‍സിഎസ്എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ പ്രഫഷണല്‍സ് മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (എംഡിപി ആര്‍എക്സ്) എന്നപേരില്‍ എട്ടു മാസത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് അവതരിപ്പിച്ചത്. ഏഴു മോഡ്യൂളുകളിലായി 100ലധികം ലൈവ് സെഷനുകളിലൂടെ നടക്കുന്ന പാഠ്യപദ്ധതിയുടെ ആദ്യബാച്ചില്‍ 20 ഡോക്ടര്‍മാര്‍ക്ക് അവസരം ലഭിക്കും.
ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ ഓണ്‍ലൈനായാണു ക്ലാസുകള്‍. രാജഗിരി ബിസിനസ് സ്കൂള്‍, രാജഗിരി ആശുപത്രി കാമ്പസ് എന്നിവിടങ്ങളിലാകും പ്രാക്ടിക്കല്‍ സെഷനുകള്‍. വിദേശത്തും സ്വദേശത്തും നിന്നുള്ള ഫാക്കല്റ്റികള് ക്ലാസുകള്‍ നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ രാജഗിരി ബിസിനസ് സ്കൂളിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ബിഎസ് അസി. ഡയറക്ടര്‍ റവ.ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ബിയോണ്ട് മൈ കോട്ടിംഗ് സിഇഒ ഡോ. നിതിന്‍ സെബാസ്റ്റ്യന്‍, ആര്‍സി ഹീല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. സിനിമോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.