സാങ്കേതിക സർവകലാശാല ബജറ്റ്: കാന്പസ് ഇൻഡസ്ട്രിയൽ പാർക്കിന് 10 കോടി
Thursday, July 25, 2024 11:58 PM IST
തിരുവനന്തപുരം: എൻജിനിയറിംഗ് കോളജുകളിൽ കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതിന് സാങ്കേതിക സർവകലാശാലയുടെ ബജറ്റ് 10 കോടി വകയിരുത്തി.
ഡേറ്റാ സെന്ററിനും അന്താരാഷ്ട്ര ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ് എന്നിവക്കും 10 കോടി രൂപ വീതവും സർവകലാശാല ചെയർ സ്ഥാപിക്കുന്നതിന് 1.4 കോടിയും ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി ഇക്കോസിസ്റ്റം നിർമിക്കുന്നതിന് 1.2 കോടിയും ബജറ്റിൽ വകയിരുത്തി.
അക്കാദമികവ്യാവസായിക ബന്ധം ശക്തിപ്പെടുത്തുക, വിദ്യാർഥികളിൽ സംരംഭകത്വ താത്പര്യം വളർത്തുക, നൈപുണ്യവത്കരണത്തിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയും വ്യവസായമേഖലയും ചേർന്ന് അഞ്ചു സംരംഭങ്ങൾ ആരംഭിക്കുമെന്നു ബജറ്റ് അവതരിപ്പിച്ച ധനകാര്യ സമിതി അധ്യക്ഷൻ ഡോ. പി.കെ. ബിജു വ്യക്തമാക്കി.