വാഹന വ്യവസായത്തിൽ കരിയർ പടുത്തുയർത്താം
Tuesday, August 19, 2025 12:02 AM IST
കിരൺ ജെ.കെ.വി.
വാഹന നിർമാണ മേഖല അതിവേഗം വിപ്ലവകരമായ മാറ്റങ്ങളുൾക്കൊണ്ട് മുന്നേറുന്ന ഇക്കാലത്ത് മാത്തമാറ്റിക്സ്, സയൻസ്, ടെക്നോളജി, ഡിസൈൻ എന്നിവയിലൊക്കെ ആകൃഷ്ടരായവർക്ക് ഓട്ടോമൊബൈൽ എൻജിനിയറിംഗ് പഠിക്കാം.
ഇലക്ട്രിക്, ഓട്ടോണമസ് വാഹനങ്ങളിൽ വരുന്ന മുന്നേറ്റങ്ങളോടൊപ്പം കുതിക്കുന്ന വ്യവസായത്തിന് ധാരാളം കഴിവുള്ള പ്രഫഷണലുകളെ ആവശ്യമാണ്. മാനുഫാക്ചറിംഗ്, ഡിസൈൻ. ടെസ്റ്റിംഗ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം വെഹിക്കിൾ കണക്റ്റിവിറ്റി, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമിത ബുദ്ധിയുടെ ഉപയോഗം എന്നിവയെല്ലാം വാഹന നിർമാണത്തെ നിറം മങ്ങാത്ത മേഖലയായി വരുംകാലങ്ങളിൽ നിലനിർത്തുമെന്ന് തീർച്ച.
മനോഹരമായി ഡിസൈൻ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുക, ആവശ്യമായ സോഫ്റ്റ്വേറുകൾ രൂപകല്പന ചെയ്യുക എന്നിവയെല്ലാം ഉൾപ്പെടുന്ന ചലനാത്മകവും അതിനൂതനവുമായ ഈ മേഖലയിൽ പവർട്രെയിൻ എൻജിനിയർ, വെഹിക്കിൾ ഡിസൈൻ എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, മാനുഫാക്ചറിംഗ് ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിംഗ്, സസ്റ്റൈബിൾ മൊബിലിറ്റി എക്സ്പർട്ട് എന്നിങ്ങനെ നീളുന്ന നിരവധി തൊഴിൽ വഴികളുണ്ട്.
പഠനം
പ്ലസ് ടു കഴിഞ്ഞവർക്ക് ഓട്ടോമൊബൈൽ / ഓട്ടോമോട്ടീവ് / മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ശക്തമായ അടിത്തറയുണ്ടായിരിക്കണം. ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ഖരഗ്പുർ, ഐഐടി റൂർക്കി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ ഇന്ത്യയിലെ പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
കേരളത്തിലെ മികച്ച ഓപ്ഷനുകൾ അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, SCMS സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മാതാ കോളജ് ഓഫ് ടെക്നോളജി, മലബാർ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നിവയാണ്.
ഇന്ത്യക്ക് വെളിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജർമനി ആണ് നന്പർ വണ് ഓപ്ഷൻ. ഓട്ടോമൊബൈൽ ഇൻഡസ്ട്രിയുടെ കരുത്തുറ്റ ആസ്ഥാനം എന്ന ഖ്യാതിയോടൊപ്പം RWTH Aachen, TU Munich, University of Stuttgtart തുടങ്ങിയ സർവകലാശാലകളും പ്രസിദ്ധമാണ്. മറ്റ് ഓപ്ഷനുകൾ യുഎസ്എ, യുകെ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളാണ്.