സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതല്ല; സിനിമയ്ക്ക് എന്നെ ആവശ്യമില്ലാതായി: ധർമജൻ
Tuesday, May 30, 2023 9:54 AM IST
സിനിമയില്‍ നിന്നും മനഃപൂര്‍വം ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കുന്നില്ലെന്നും നടന് ധര്മജന് ബോള്‍ഗാട്ടി. സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ ധര്മജന് പറഞ്ഞു.
സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതാണോ എന്ന അവതാരകയുടെ ചോദ്യത്തോടായിരുന്നു ധര്‍മജന്റെ പ്രതികരണം.
ഒന്നാമത്തെ കാര്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ആരേയും വിളിച്ച് ചാൻസ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം.
എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമയ്ക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ. പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ.
പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. അതിൽ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
ഒരു നാട്ടിൻപുറത്ത് ജനിച്ച്, കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന ഒരാളാണ് ഞാൻ. മിമിക്രിയിലൂടെ വന്ന്, ഷോകൾ എല്ലാം ചെയ്ത് പടി പടിയായി വളർന്നു വന്ന ആളാണ് ഞാൻ. ആരോടും ഞാൻ പോയി ചാൻസ് ചോദിച്ചിട്ടില്ല, ദിലീപേട്ടൻ ആണെന്നെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്.
ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതൽ ചാൻസ് ചോദിക്കണം; ചോദിക്കും.
ചാൻസ് ചോദിക്കണമെന്ന് വിചാരിച്ച രണ്ടുമൂന്ന് സംവിധായകന്മാരുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്, എന്റെ വളരെ വലിയൊരു ആഗ്രഹം ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിക്കണം എന്ന്.
ഇത് ഞാൻ ഒരിക്കൽ ഇന്നസന്റ് ചേട്ടനോട് പറഞ്ഞു. ഒരു ദിവസം ഇന്നസന്റ് ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു, ആലപ്പുഴയിൽ സത്യൻ അന്തിക്കാട് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്; ഒന്ന് പോയി കാണൂ എന്ന്.
ആലപ്പുഴ വരെ വെറുതെ പോകാൻ പറ്റില്ലല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ ബാഗിന്റെ ബിസിനസ് നടത്തുന്ന ഒരു സുഹൃത്തിന് ആലപ്പുഴയിൽ ഒരു ഡെലിവറി ഉണ്ടെന്നു കേട്ടു. ഞാൻ പുള്ളിയുടെ ബാഗ് എല്ലാം എന്റെ കാറിൽ കുത്തിനിറച്ചു, അയാളെയും കൊണ്ട് ആലപ്പുഴയ്ക്ക് പോയി.
സത്യൻ അന്തിക്കാട് താമസിക്കുന്ന ഹോട്ടലിൽ പോയി, അവിടെ നിന്നും ഇന്നസന്റ് ചേട്ടനെ വിളിച്ചു; പുള്ളി എന്നോടവിടെ ഇരിക്കാൻ പറഞ്ഞു. ഹോട്ടലിൽ ചോദിച്ചപ്പോൾ സത്യൻ അന്തിക്കാട് അവിടെ ഇല്ല എന്നറിഞ്ഞ്, വീണ്ടും ഞാൻ ഇന്നസന്റ് ചേട്ടനെ വിളിച്ചു.
പുള്ളി സത്യൻ അന്തിക്കാടിനെ വിളിച്ചു, വീണ്ടും എന്നെ വിളിച്ചിട്ട് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ്, നീ കാത്തിരിക്കൂ എന്ന് പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ സത്യൻ സാർ, ശ്രീബാല കെ. മേനോൻ, ബെന്നി പി. നായരമ്പലം, ആന്റോ ജോസഫ് ഇങ്ങനെ ഒരു വലിയ ഗ്യാംഗ് ഇങ്ങോട്ടു വരുന്നുണ്ട്.
ഞാൻ ആകെ അമ്പരന്ന് പോയി. സത്യൻ സാർ ഒഴികെ എല്ലാവർക്കും എന്നെ നന്നായി അറിയാം. അവരെന്നെ കണ്ടപ്പോൾ, ‘എന്താടാ ബോൾഗാട്ടി' എന്ന് ചോദിച്ചു. സത്യൻ സാർ എന്നെ ഒരുപക്ഷേ ടിവിയിൽ കണ്ടിട്ടേ ഉണ്ടാകൂ.
അടുത്ത് വന്നപ്പോൾ സത്യൻ സാർ എന്നോട്, ‘ധർമജൻ അല്ലെ ? ഇന്നസെന്റ് പറഞ്ഞിരുന്നു; വിളിക്കാം, പൊയ്ക്കോളൂ’ എന്ന് പറഞ്ഞു. ഞാൻ ആകെ അമ്പരന്നുപോയി. ചാൻസ് ചോദിക്കാൻ ഇത്രയും ദൂരം ചെന്നപ്പോൾ പുള്ളി വിളിക്കാം എന്ന് പറഞ്ഞു മടക്കി അയയ്ക്കുന്നു. പക്ഷേ വീടെത്തുന്നതിനു മുൻപ് എനിക്ക് കോൾ വന്നു, മറ്റന്നാൾ മുതൽ ഷൂട്ടിംഗ് ഉണ്ട്, വരണം എന്ന് പറഞ്ഞുകൊണ്ട്.
ഇനി കുറച്ചു സിനിമകൾ തുടരെ റിലീസ് ആകാനുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം എന്നൊരു സിനിമ വരുന്നുണ്ട്, ടിനി ടോം-നന്ദു ചേട്ടൻ എന്നിവർ അഭിനയിക്കുന്ന പൊലീസ് ഡേ എന്നൊരു സിനിമ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ട്. ദിലീപേട്ടൻ നിർമിക്കുന്ന സിനിമയാണ്.
എന്നെ സിനിമയിൽ കൊണ്ടുവന്നത് ദിലീപേട്ടനാണ്. സിനിമയിൽ കൊണ്ടുവന്നു എന്നതിന്റെ കടപ്പാട് മാത്രമല്ല, ദിലീപേട്ടൻ എനിക്കെന്റെ ചേട്ടനാണ്. അനൂപിനെ കാണുന്നത് പോലെ തന്നെയാണ്, നമ്മളോടെല്ലാം പെരുമാറുന്നത്.
നമുക്ക് ഓരോ ആളുകളും എന്ത് ചെയ്യുമെന്ന് ഒരു ധാരണ ഉണ്ടാകുമല്ലോ ? നമ്മളോട് കാണിക്കുന്ന സ്നേഹം തിരിച്ചു നൽകണ്ടേ? ഒരാപത്തിൽ പെടുമ്പോൾ തള്ളിപ്പറയാൻ സാധിക്കില്ല. ധർമജൻ പറഞ്ഞു.
ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ധര്മജന് ദിലീപിന്റെ "പാപ്പി അപ്പച്ച' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.