ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും; നിർമാതാക്കൾ
Saturday, May 27, 2023 1:22 PM IST
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ച് ചിത്രത്തിന്റെ നിർമാതക്കൾ. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ മാത്രമാണ് പുറത്തിറങ്ങിയത്.
ചിത്രത്തിനെക്കുറിച്ച് നിരവധി പേർ അന്വേഷിക്കുന്നുണ്ടെന്നും പത്തുദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി പൂർത്തിയാകുമെന്നും നിർമാതാക്കളായ ബാദുഷ.എൻ.എം, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ അറിയിച്ചിരിക്കുന്നത്.
എല്ലാവർക്കും നമസ്കാരം, വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം.
എനിക്ക് ദിവസേന ഒരുപാട് മെസേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് "എന്തായി വോയിസ് സത്യനാഥൻ" എന്നുള്ള ചോദ്യങ്ങളുമായി. വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തീയറ്ററുകളിലേക്ക് എത്തുന്നത്.
ഒരുപാട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, സിജി വർക്കുകൾ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാൻ സാധിക്കാത്തത്.
തീർച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളിൽ വോയിസ് ഓഫ് സത്യനാഥൻ ഫസ്റ്റ് കോപ്പി ആകുകയും, ശേഷം അതിന്റെ അപ്ഡേഷൻസ് കൃത്യമായിട്ട് സെൻസർ, ടീസർ, സോംഗ്, ട്രൈലർ, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും.
പിന്നെ നമ്മൾ നല്ല രീതിയിൽ എല്ലാ തരത്തിലുമുള്ള പ്രമോഷൻ ചെയ്തു തന്നെയായിരിക്കും ഈ സിനിമ ലോകം മുഴുവനുമുള്ള തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. എല്ലാപ്രേക്ഷകരുടെയും പൂർണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ. എൻ.എം. ബാദുഷ കുറിച്ചു.