നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്
Saturday, April 19, 2025 3:27 PM IST
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണെന്ന് നടന് ഉണ്ണി മുകുന്ദന്. അത് വ്യക്തിപരമായ വിഷയം കൂടിയാണെന്നും ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ടെന്നും സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
നടന് ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ സിനിമ അല്ല പ്രശ്നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്കൂളുകളിലേക്ക് എത്തുന്നു? ആരാണ് കാരിയേഴ്സ് എന്നെല്ലാം പരിശോധിക്കണം. ലഹരി വളരെ അപകടരമാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
അതേസമയം ഹോട്ടല്‍ മുറിയിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്.
ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.
ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.