17 വർഷമായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ച് നൽകി ശ്രീനിവാസൻ; വീഡിയോ
Saturday, April 19, 2025 1:13 PM IST
17 വർഷമായി സന്തതസഹചാരിയായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ചുനൽകി നടൻ ശ്രീനിവാസൻ. കൊച്ചിയിലെ കണ്ടനാട് ശ്രീനിവാസന്റെ വീടിനടുത്ത് തന്നെയാണ് ഡ്രൈവർ ഷിനോജിനും കുടുംബത്തിനും വീട് വച്ചുനൽകിയത്. വിഷുദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചൽ.
കുടുംബസമേതമാണ് ശ്രീനിവാസൻ എത്തിയത്. ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, കൊച്ചുമകൾ ആരാധ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കണിക്കൊന്നപ്പൂക്കളുമായാണ് ശാരീരിക അവശതകൾ വക വയ്ക്കാതെ ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമല പാൽ കാച്ചി. അതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു.
കോഴിക്കോട് പയ്യോളി സ്വദേശിയാണ് ഷിനോജ്. വർഷങ്ങളായി ശ്രീനിവാസനൊപ്പം തന്നെയാണ്. ‘‘17 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. കുറെക്കാലമായി അദ്ദേഹം എന്നോട് വീടിനെക്കുറിച്ച് പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്.
ഒടുവിൽ വിനീതേട്ടൻ പറഞ്ഞു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ... വേണ്ടെന്നു പറയരുത് എന്ന്. അങ്ങനെയാണ് വീട് വയ്ക്കാനുള്ള കാര്യങ്ങൾ തുടങ്ങിയത്. എന്നോട് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ വീട് വച്ചത്,’’ ഷിനോജ് പറഞ്ഞു.
ഷൈജു എന്ന വ്ലോഗറാണ് ഗൃഹപ്രവേശനചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. തന്റെ സാരഥിയോട് ഇത്രയേറെ സ്നേഹവും അടുപ്പവും കാണിച്ച താരത്തിനെയും കുടുംബത്തിനെയും മറ്റു സിനിമക്കാരും മാതൃകയാക്കണമെന്നാണ് ആരാധകർ പറയുന്നത്.