വിവാദങ്ങൾക്കിടെ സൂത്രവാക്യം ഫസ്റ്റ്ലുക്കുമായി വിൻസി, കമന്റുമായി ഷൈൻ; ഇതെന്തൊക്കെയാ നടക്കുന്നതെന്ന് പ്രേക്ഷകർ
Saturday, April 19, 2025 8:58 AM IST
വിവാദങ്ങൾ കൊടുംപിരി കൊള്ളുന്നതിനിടയിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കുന്ന സൂത്രവാക്യം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് വിൻസി അലോഷ്യസ്. വിൻസിയുടെ പോസ്റ്റിനു ലവ് ഇമോജി കമന്റുമായി ഷൈൻ ടോം ചാക്കോയും എത്തി.
ചിത്രത്തിന്റെ പോസ്റ്ററിൽ വിൻസിയെയും ഷൈൻ ടോമിനെയും കാണാം.
വിൻസിയുടെ പോസ്റ്റിൽ വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാവായ ശ്രീകാന്ത് കന്ദ്രഗുല എത്തിയിട്ടുണ്ട്. ശ്രീകാന്ത് പങ്കുവച്ച കമന്റിന് ആണ് ഷൈൻ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്.
‘‘സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന കഥയുമായെത്തുന്ന ഈ ചിത്രം ഒരിക്കലും മനസിൽ നിന്ന് മായില്ല.’’ എന്നാണ് പോസ്റ്ററിനൊപ്പമുള്ള വിന്‍സിയുടെ വാക്കുകൾ.
സഹപ്രവർത്തകനെതിരെ വിൻസി ഉന്നയിച്ച ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായാണോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.
പോസ്റ്ററിന് കമന്റായു നിർമാതാവ് ശ്രീകാന്ത് കന്ദ്രഗുല കുറിച്ചത് ഇങ്ങനെയാണ്:
‘‘ഈ കഥയ്ക്ക് ജീവൻ പകരാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളും ആത്മാക്കളും അർപ്പിച്ചു, ഇത് എല്ലായിടത്തുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ, ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള സമീപകാല വാർത്തകൾ ചില ആശങ്കകൾക്ക് കാരണമായേക്കാം.
ഒരു നിർമാതാവ് എന്ന നിലയിൽ, ഈ സിനിമയോടും അതിന്റെ ടീമിനോടുമുള്ള എന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ആരാധകർ എന്ന നിലയിൽ, നിങ്ങൾ ആരാധിക്കുന്ന കലാകാരന്മാരുടെ വ്യക്തിപരമായ ജീവിതത്തിൽ നിങ്ങൾ നിക്ഷേപിക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നിയേക്കാം എന്ന് ഞാൻ മനസിലാക്കുന്നു.
എന്നിരുന്നാലും, കലയെ കലാകാരനിൽ നിന്ന് വേർതിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമയിൽ തന്നെയും അത് പറയുന്ന കഥയിലും അത് ഉണർത്തുന്ന വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. കേരളത്തിൽ ജനിച്ചു വളർന്നവനല്ല, പക്ഷേ മലയാള സിനിമയിൽ എപ്പോഴും ആഴത്തിൽ പ്രണയത്തിലായ ഒരാളെന്ന നിലയിൽ, ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിച്ചു.
മലയാള സിനിമകൾ സങ്കീർണമായ കഥകൾ നെയ്യുന്ന രീതിയും ശക്തമായ വികാരങ്ങൾ ഉണർത്തുന്ന രീതിയും അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന രീതിയും എപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയെ പിന്തുണയ്ക്കാനും അതിന് ഒരു അവസരം നൽകാനും കഴിയുമെങ്കിൽ ഞാൻ ബഹുമാനിക്കപ്പെടുന്നു. നിങ്ങളുടെ ആവേശവും പ്രോത്സാഹനവും ഞങ്ങൾക്ക് ലോകം തന്നെയാണ്.’’
ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ തനിക്ക് നേരിട്ട ദുരനുഭവം നടി വിൻസി അലോഷ്യസ് പരാതിയായി സിനിമാസംഘടനകൾക്ക് നൽകിയിരുന്നു. തുടർന്ന് ഷൈൻ ടോം ചാക്കോയെ അന്വേഷിച്ച് പോലീസ് ഹോട്ടലിലെത്തിയപ്പോൾ സിനിമയെ വെല്ലുന്ന പ്രകടനവുമായി ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഓടിപ്പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയുടെ പോസ്റ്റർ റിലീസും ഷൈൻ ടോം ചാക്കോയുടെ കമന്റും എത്തിയിരിക്കുന്നത്.
വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂത്രവാക്യം. കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്.
ചിത്രത്തിന്റെ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മയക്ക് മരുന്ന് ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് സിനിമാ സംഘടനകൾക്ക് നടി വിൻസി അലോഷ്യസ് പരാതി നൽകിയത്.