അപരിചിതർ വാതിലിൽ മുട്ടിയതുകൊണ്ടാണ് ഇറങ്ങിയോടിയത്; വിൻസിയെ ചെറുപ്പം മുതലേ അറിയാം: ഷൈൻ ടോമിന്റെ കുടുംബം
Thursday, April 17, 2025 3:11 PM IST
വിൻസിയുടെ കുടുംബവുമായി വർഷങ്ങളായി നല്ല ബന്ധമാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ. വിൻസിയെ സഹോദരിയെപ്പോലെ കാണുന്ന ആളാണ് ഷൈനെന്നും ഇങ്ങനെയൊരു പരാതിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നാലുമാസം മുൻപേ പറഞ്ഞില്ലെന്നും കുടുംബം ചോദിക്കുന്നു.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു നടന്റെ കുടുംബം.
‘‘പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഞങ്ങൾ പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരു കുടുംബവും.
നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻസിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല.
വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല ഫോൺ സ്വിച്ച് ഓഫ് ആണ്. അപരിചിതർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഉണ്ടായ ഭയം കൊണ്ടാകും ഷൈൻ ഹോട്ടലിൽ നിന്നും ഓടിയത്. പരിശോധിക്കാനെത്തിയവർക്ക് എന്തെങ്കിലും കിട്ടിയോ? അത് ആരെങ്കിലും അന്വേഷിച്ചോ? പോലീസിന്റെ വേഷത്തിലൊന്നുമല്ല അവർ എത്തിയത്. ഭീമാകാരനായ ഒരാളെ കണ്ട് ഭയന്ന് ഓടിയതാണ്.
അവൻ ഇറങ്ങി ഓടിയെന്നത് സത്യം. പക്ഷേ വന്നവർക്ക് അവിടെ പരിശോധിച്ചപ്പോൾ എന്തെങ്കിലും കിട്ടിയോ അതാണ് ഞങ്ങൾക്കറിയേണ്ടത്.’’ഷൈനിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.