10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ് മഞ്ജു; രമേഷ് പിഷാരടി പറയുന്നു
Wednesday, April 16, 2025 2:46 PM IST
അഭിനയത്തിനപ്പുറം ലാളിത്യം കൊണ്ട് മലയാളികളുടെ മനസ് സ്വന്തമാക്കിയ നടിയാണ് മഞ്ജു വാര്യർ. പലപ്പോഴും മഞ്ജുവിന്റെ സിംപിൾ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ സിംപ്ലിസിറ്റിയെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു അതിഥിയായി എത്തിയ ഒരു പരിപാടിയിലാണ് പിഷാരടി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
""ഈ മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്കും ഒരു ബനിയനുമിട്ട്. തിരക്കിനിടയില്‍ പെട്ടാല്‍ മഞ്ജുവിനെ കണ്ടുപിടിക്കാന്‍ പറ്റില്ല, നൂണ്ട് നൂണ്ട് കേറിപ്പോകും.
എന്റെ ഒരു പരിപാടിയ്ക്ക് ഡല്‍ഹിയില്‍ പോയപ്പോള്‍ ഞങ്ങൾ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടെപ്പോയിട്ട് 400 രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയായി കിട്ടുകയും ചെയ്തെന്നാണ് പറഞ്ഞത്.
രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിക്ക്, ആ ടോപ്പുമിട്ടുവന്നു. എന്റെ ഒരു ഊഹം വച്ചു പറഞ്ഞാൽ, 10 ലക്ഷം രൂപയെങ്കിലും പ്രതിഫലം കിട്ടുന്ന പരിപാടിയാണ്, അവിടേക്ക് 400 രൂപയുടെ ടോപ്പുമിട്ട് ഒന്നുമറിയാത്തത് പോലെ വന്നിരിക്കുകയാണ്,'' ചിരിയോടെ രമേഷ് പിഷാരടി പറഞ്ഞു.