അനുവാദമില്ലാതെ ഗാനങ്ങളെടുത്തു; നഷ്ടപരിഹാരം അഞ്ചുകോടി വേണം; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്
Tuesday, April 15, 2025 2:49 PM IST
അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് വക്കീൽ നോട്ടീസ് അയച്ച് സംഗീതസംവിധായകൻ ഇളയരാജ. തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ അനുമതി ഇല്ലാതെ ഉപയോഗിച്ചു എന്നാണ് പരാതി. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.
നഷ്ടപരിഹാരമായി അഞ്ചു കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി.
അതേസമയം, ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ, വ്യക്തികള്‍, നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല.