കൈവഴക്കം വന്ന നല്ല അസൽ സംവിധായകനാണ് ഡീനോ; ബസൂക്കയെ പ്രശംസിച്ച് ഷാജി കൈലാസ്
Tuesday, April 15, 2025 2:23 PM IST
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’യെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്. മമ്മൂക്കയെ ചിത്രത്തിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ടതെന്നും കൈവഴക്കം വന്ന സംവിധായകനാണ് ഡീനോ എന്നു തെളിയിച്ചെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
‘‘പ്രിയപ്പെട്ട കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബസൂക്ക’ കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്. കൈവഴക്കം വന്ന നല്ല അസൽ ഡയറക്ടർ തന്നെയാണ് ഡീനോ എന്ന് തെളിയിരിച്ചിരിക്കുന്നു. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഓരോ ഫ്രെയിം ടു ഫ്രെയിം വ്യത്യസ്തത സിനിമയിൽ ഉണ്ടാക്കിയിരിക്കുന്നു.
തന്റെ തന്നെ സ്വന്തം കഥ വളരെ വ്യത്യസ്തമായ രീതിയിൽ, മലയാള സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത ഫ്രെയിമിങ്ങിലും അവതരണത്തിലും ഒക്കെ പുതുമ നില നിർത്തി വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.. എടുത്ത് പറയേണ്ടത് മമ്മൂക്കയെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.
മമ്മൂക്കയുടെ ആദ്യത്തെ നിശബ്ദമായ വരവും, പതിഞ്ഞ പതിഞ്ഞ വരവും ശേഷം അദ്ദേഹത്തിന്റെ വളരെ ആവേശകരമായ അവസാന പെർഫോമൻസും എല്ലാം വേറൊരു ടൈപ്പ് സിനിമ ആയി തന്നെ ബസൂക്കയെ മാറ്റിയിരിക്കുന്നു.
തികച്ചും വ്യത്യസ്തമായ രീതിയിൽ ഒട്ടും പരിചയമില്ലാത്ത ഈ ഒരു പുതുമ നിറഞ്ഞ സബ്ജക്ട് വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുകയാണ് ഡീനോ എന്ന പുതുമുഖ സംവിധായകൻ.
മലയാള സിനിമയ്ക്ക് ഇനിയും വ്യതസ്തത നിറഞ്ഞ ഇതുപോലെയുള്ള സിനിമകൾ ഉണ്ടാക്കാൻ കഴിയട്ടെ.. വരും സിനിമകൾ എല്ലാം തന്നെ ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു.’’ഷാജി കൈലാസ് കുറിച്ചു.