ഇനിയും ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക; ഡാൻസിനെ പരിഹസിച്ചവരോട് മിയ
Tuesday, April 15, 2025 11:36 AM IST
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് നടി മിയ ജോർജ്. മിയ പൊതുവേദിയിൽ അവതരിപ്പിച്ച ചില നൃത്തവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി വന്നിരുന്നു. ശാസ്ത്രീയ നൃത്തം അവതരിപ്പിക്കാൻ മിയയ്ക്ക് അറിയില്ലെന്നായിരുന്നു അതിൽ പകുതി കമന്റുകളും വന്നത്. തുടർന്നാണ് താരം മറുപടിയുമായെത്തിയത്.
""രണ്ടു മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ കാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനുട്ട് മാത്രമേ കാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിംഗ് വർക്ക് ആകുന്ന കാമറ എങ്കിലും എടുക്കണ്ടേ.ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെന്റ് ഉണ്ടാകുവാൻ.
പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കൈയിൽ വച്ചോളൂ ട്ടാ''. മിയ പറഞ്ഞു.
കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് മിയ ശാസ്ത്രീയ നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോകളാണ് ട്രോൾ രൂപത്തിൽ പ്രചരിച്ചത്.