എമ്പുരാൻ വലിയ മഹത്തരമായ സിനിമയൊന്നുമല്ല; ചിത്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ആർ. ശ്രീലേഖ
Tuesday, April 15, 2025 9:48 AM IST
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. എംപുരാൻ അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ലെന്നും ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്നാണ് ചിത്രത്തിൽ പറയുന്നതെന്നും ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
എംപുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ എന്ന ക്യാപ്ഷനിലാണ് മുൻ ഡിജിപി വീഡിയോ പങ്കുവെച്ചത്.
""എംപുരാൻ എന്ന സിനിമയെക്കുറിച്ച് മുമ്പ് പറഞ്ഞതിൽ ചിലയിടത്ത് ക്ലാരിറ്റി കുറവ് ഉണ്ടായതായി എനിക്ക് തോന്നി. പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല. എംപുരാന് ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം.
ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് മനസ്സിലാകുന്നില്ല. ഗുജറാത്തിൽ നടന്നതിനെ വികലമായ രീതിയിൽ കാണിക്കുന്നതു കൊണ്ടാകാം.
ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്ത് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല.
പൃഥ്വിരാജ് ചെയ്യുന്ന സയീദ് മസൂദ് ഗുജറാത്ത് കലാപത്തിൽ നിന്നും രക്ഷപ്പെടുന്ന ഏക പയ്യനാണ്. അവൻ എങ്ങനെ രക്ഷപ്പെട്ട് പാകിസ്ഥാനിലെ ക്യാംപിൽ ചെന്നുവെന്ന് പറയുന്നില്ല. ലഷ്കർ ഇ തയ്ബയുടെ കരം ഇവിടെ ശക്തമായിട്ടുണ്ട്.
ഇങ്ങനെ രക്ഷപ്പെട്ടവരെ അവർ പിടിച്ചുകൊണ്ടുപോകും. ഭാരതത്തിൽ നിന്നും ഒരുപാട് കുട്ടികളെ പാകിസ്ഥാനിലെ ടെററിസ്റ്റ് ക്യാമ്പുകൾ പിടിച്ചുകൊണ്ടു പോയി പരിശീലനം നൽകും. ഭാരതമാണ് നിങ്ങളുടെ എല്ലാവരേയും കൊന്നതെന്ന് പഠിച്ചിപ്പ് ജിഹാദികളായി ഇന്ത്യയിലേക്ക് വിടും.
ഈ ആളുകളെയാണ് ഖുറേഷി അബ്രാം രക്ഷിക്കുന്നത്. സയീദ് മസൂദ് എന്ന പയ്യനെ എന്തിനാണ് ഖുറേഷി രക്ഷിക്കുന്നത്?. രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതപൗരനായി വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയിട്ടാണോ രക്ഷിക്കുന്നത്. അല്ല, അയാളുടെ കള്ളക്കടത്തു സംഘത്തിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്.
അതിനായി ഇതുപോലുള്ള ആളുകളെ വേണം. ഭാരതത്തിൽ ഇതുപോലെ ടെററിസം വളർത്താൻ വേണ്ടി റിക്രൂട്ട് ചെയ്ത് എടുക്കുകയാണ്. പിന്നീട് സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ, പെൺകുട്ടി ഉൾപ്പെടെ രക്ഷപ്പെടുത്തുന്നത് കാണിക്കുന്നുണ്ട്. കഷ്ടം. ഇവരെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നത് ഭാരതത്തിൽ സേവനം ചെയ്യാനോ രാഷ്ട്ര നന്മയ്ക്കോ വേണ്ടിയിട്ടല്ല.''ശ്രീലേഖ പറയുന്നു.