ഓട്ടോക്കാരനായി നമ്മുടെ നിവിൻ പോളി; ഡോൾബി ദിനേശൻ ഫസ്റ്റ്ലുക്ക്
Tuesday, April 15, 2025 8:41 AM IST
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.
അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ഡോൾബി ദിനേശൻ. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ചിത്രീകരണം മേയിൽ തുടങ്ങും.
ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.