കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ ഷൂട്ട് വിഷുവിന് ശേഷം
Monday, April 7, 2025 10:15 AM IST
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നു.
2024 ഡിസംബർ 30ന് ആരംഭിച്ച ഒറ്റക്കൊമ്പന്റെ ഷൂട്ട് ഇടയ്ക്കു വച്ച് നിറുത്തി വയ്ക്കേണ്ടി വന്നിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ, പിന്നീട് ഷൂട്ട് നിർത്തി വയ്ക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ കരിയറിലെ 250–ാം ചിത്രമായ ‘ഒറ്റക്കൊമ്പൻ’ ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയിൽ അഭിനയിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക അനുവാദവും താരം നേടിയിരുന്നു.
കോട്ടയം, പാലാ, ഭരണങ്ങാനം, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുന്നത്.
25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് പ്രതീക്ഷിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര് അവകാശപ്പെടുന്നത്.
കോ പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം - ഷാജി കുമാർ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ,
കോസ്റ്റ്യും ഡിസൈൻ - അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ - സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശേരി, വാഴൂർ ജോസ്. ഫോട്ടോ - റോഷൻ.