ബസൂക്കയ്ക്ക് യുഎ സർട്ടിഫിക്കറ്റ്; മലയാളത്തിലെ ആദ്യ മൈൻഡ് ഗെയിം ത്രില്ലർ
Saturday, April 5, 2025 4:11 PM IST
മലയാളത്തിലെ ആദ്യത്തെ മെൻഡ് ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ യുഎ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ് നിർമിച്ചിരിക്കുന്നത്.
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ 10-ന് പ്രദർശനത്തിനെത്തും. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവയ്ക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.
ഒരു മൈൻഡ് ഗെയിമിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തിയാണ് ചിത്രത്തിന്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടെയ്നറാണ് ബസൂക്കയെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും ഗാനത്തിനും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കന്റ് യൂണിറ്റ് കാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - മിഥുൻ മുകുന്ദൻ, കലാസംവിധാനം - ഷിജി പട്ടണം, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. പി. ആർഒ - വാഴൂർ ജോസ്