രജനികാന്ത്-ലോകേഷ് ചിത്രം "കൂലി' ഓഗസ്റ്റിൽ; എതിരാളികൾ ഹൃതിക് റോഷനും ജൂനിയർ എൻടിആറും
Saturday, April 5, 2025 3:30 PM IST
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. ലോകേഷ് തന്നെയാണ് വാർത്ത എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.
രജനികാന്തിന്റെ 17-ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ആമിർ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃതിക് റോഷൻ-ജൂനിയർ എൻടിആർ നായകന്മാരായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാർ 2’ ഇതേ ദിവസം തന്നെയാണ് റിലീസിനെത്തുന്നത്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാംഗസ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.