എഴുപതുകളുടെ പ്രണയവസന്തം....
Saturday, April 5, 2025 9:00 AM IST
എൻ സ്വരം പൂവിടും ഗാനമേ.... എന്ന പാട്ട് മൂളാത്ത സിനിമാപ്രേമികൾക്ക് തലമുറവ്യത്യാസമുണ്ടാവില്ല. അനുപല്ലവി എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തിൽ നിറഞ്ഞാടുന്ന ആ നായകനെ ഒരു പക്ഷേ ന്യൂജെൻ പ്രേക്ഷകർക്ക് അറിയില്ലായിരിക്കാം.
തുടുത്തകവിളുകളും ഹിപ്പിഹെയർസ്റ്റൈലുമായി എഴുപതുകളിൽ നിറഞ്ഞാടിയ പ്രണയനായകൻ രവികുമാർ. മലയാളത്തിൽ സുദീർഘ കാലമൊന്നും ഈ നടന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. എങ്കിലും കരിയറിൽ നിറഞ്ഞു നിന്ന കാലയളവിൽ എക്കാലവും ഓർമിക്കുന്ന സിനിമകളുടെ ഭാഗമാകാൻ രവികുമാറിന് കഴിഞ്ഞു. ഓരോ നടനും ഇമേജുകളുടെ വലയത്തിൽൽപ്പെട്ടിരുന്ന എഴുപതുകളിൽ പ്രണയനായകൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു രവികുമാറിന് യോഗം.
അദ്ദേഹത്തിന്റെ രൂപഭാവങ്ങളും അതിന് ഏറെ ഗുണം ചെയ്തു. 1975ൽ ഉല്ലാസയാത്ര എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ രവികുമാർ എൺപതുകളുടെ തുടക്കം വരെ തിരക്കുള്ള നടനായിരുന്നു. റൊമാന്റിക് ഹീറോ ഇമേജിൽ നിൽക്കുന്പോഴും നെഗറ്റീവ് കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചു. പ്രേംനസീർ, സുകുമാരൻ, സോമൻ, ജയൻ, രാഘവൻ തുടങ്ങി അന്നത്തെ മുൻനിരതാരങ്ങൾ നിറഞ്ഞു നിൽക്കുന്പോൾ തന്നെ തന്റേതായ മേൽവിലാസം നേടാൻ കഴിഞ്ഞു എന്നതാണ് രവികുമാറിന്റെ നേട്ടം.
രവികുമാർ ആദ്യമായി നായകനായ ഉല്ലാസയാത്രയിൽ ജയനായിരുന്നു വില്ലൻ. തുടർന്ന് അങ്ങാടി എന്ന ഹിറ്റ് ചിത്രത്തിൽ ജയൻ നായകനും രവികുമാർ വില്ലനുമായി. വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും കാൽപനിക നായകൻ എന്ന ഇമേജ് ആണ് രവികുമാറിനെ ഏറെ പ്രശസ്തനാക്കിയത്. പ്രണയസരോവര തീരം.... സന്ധ്യതൻ അമ്പലത്തിൽ തുടങ്ങി നിരവധി ഹിറ്റ് ഗാനരംഗങ്ങൾ ആ ഇമേജിന് മാറ്റുകൂട്ടി. ഐ.വി. ശശിയാണ് രവികുമാറിന് ഏറെ അവസരങ്ങൾ നല്കിയത്.
അവളുടെരാവുകൾ, അയൽക്കാരി, അഭിനിവേശം, ആ നിമിഷം, ആശീർവാദം, അംഗീകാരം, അമർഷം, ഏഴാംകടലിനക്കരെ, അങ്ങാടി, കാന്തവലയം തുടങ്ങി അക്കാലത്തെ ഒട്ടുമിക്ക ശശിചിത്രങ്ങളിലെയും സ്ഥിര സാന്നിധ്യമായിരുന്നു രവികുമാർ. നാഗമഠത്തു തന്പുരാട്ടി, മദ്രാസിലെ മോൻ, മാറ്റുവിൻ ചട്ടങ്ങളെ, ജംബുലിംഗം, കൊടുങ്കാറ്റ്, താവളം, കർത്തവ്യം, ലിസ, സർപ്പം, തീക്കടൽ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങിലും സാന്നിധ്യമറിയിച്ചു. തൃശൂർ സ്വദേശിയായ സിനിമാനിർമാതാവ് കെ.എം.കെ മേനോന്റെ മകനായി ചെന്നൈയിലാണ് രവികുമാർ ജനിച്ചതും വളർന്നതുമെല്ലാം. അതുകൊണ്ടു തന്നെ മലയാളസിനിമയിൽ അഭിനയിക്കുന്നതിനപ്പുറം കേരളവുമായി രവികുമാറിന് വലിയ ബന്ധങ്ങളില്ലായിരുന്നു.
എൺപതുകളുടെ പകുതിയോടെ ചെന്നൈയിൽ നിന്ന് മലയാളസിനിമ പതുക്കപ്പതുക്കെ കേരളത്തിലേക്കു പറിച്ചു നട്ടതോടെ രവികുമാറിനെപ്പോലുള്ളവർ തഴയപ്പെടുകയായിരുന്നു. തമിഴിലും ഒട്ടേറെ അവസരങ്ങൾ ലഭിച്ച രവികുമാർ മലയാളസിനിമയിൽ കാര്യമായി ശ്രദ്ധിച്ചതുമില്ല. ഒട്ടേറെ തമിഴ് സിനിമകളിലെ കാരക്ടർ വേഷങ്ങളിലൂടെ അദ്ദേഹം കരിയറിൽ സജീവമായി. അവസാനകാലത്ത് തമിഴ്സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു രവികുമാർ.
മലയാളസിനിമയിലെ വസന്തകാലമാണ് തന്റെ ഓർമകളെ സുന്ദരമാക്കുന്നതെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തനിക്കിപ്പോൾ മലയാളസിനിമയുമായ ബന്ധമൊന്നുമില്ല. അന്ന് കൂടെ അഭിനയിച്ച പല ആർട്ടിസ്റ്റുകളെയും കാണണമെന്ന് മോഹമുണ്ട്.. അതിനുള്ള ശ്രമത്തിലാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.