"ഇഡി റെയ്ഡ് ഒരുവഴി, എമ്പുരാൻ തനിവഴി'; ചരിത്രം കുറിച്ച് ‘എമ്പുരാൻ’;100 കോടി ഷെയർ നേടുന്ന സിനിമ
Friday, April 4, 2025 3:25 PM IST
എമ്പുരാൻ സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്ഡ് തുടരുന്നതിനിടെ സിനിമയുടെ ഏറ്റവും പുതിയ കളക്ഷൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.
അതേസമയം സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ 230 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തിൽ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി എമ്പുരാൻ വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്.