ആന ഹിന്ദുവായത് കൊണ്ടാകും മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ നൽകാത്തത്; വിനു മോഹന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
Friday, April 4, 2025 9:32 AM IST
മതം തലയ്ക്ക് പിടിച്ച മനുഷ്യർ പ്രകൃതിയേയും സാഹിത്യത്തെയും ഭക്ഷണത്തെയും വരെ വീതം വച്ചുവെന്ന കുറിപ്പുമായി നടൻ വിനു മോഹൻ. വർഗീയതയെ വിമർശിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. എമ്പുരാന്റെ പേരിലുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു മോഹന്റെ കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായി.
വിനു മോഹന്റെ കുറിപ്പിന്റെ പൂർണരൂപം
പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു. പശു ഹിന്ദുവായിട്ട് അധികകാലം ആയിട്ടില്ല. മൂരി മുസ്ലിം ആയിട്ടും! മുസ്ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്. കുതിരയുടെ മതം ഏതാണാവോ...? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?
ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ.
ഭക്ഷണത്തിനുമുണ്ട് മതം. ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യാനിയുമാണ്. മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറങ്ങളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.
എന്നാൽ ഒരു മതത്തിലും ചേരാതെ നിന്നും സകലരോടും ഇഷ്ടം കാണിച്ചും ക്യാൻസറും, ഹാർട്ടറ്റാകും, ട്യൂമറും, വർഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളിൽ കൊണ്ടുപോയി കിടത്തുന്നു. ഇവിടെ ഒരു മതങ്ങൾക്കും വേർതിരിവില്ല. ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങൾക്കാണ് എന്നുള്ള ഒരു അവകാശവാദവും ആർക്കുമില്ല.