എമ്പുരാൻ ശരാശരി സിനിമ മാത്രം; അവർ പൈസ ഉണ്ടാക്കുന്നു, നമുക്കെന്ത് നേട്ടം? എന്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നു; പാർവതി
Wednesday, April 2, 2025 12:00 PM IST
എമ്പുരാൻ ഒരു ശരാശരി സിനിമ മാത്രമാണെന്നും മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. എമ്പുരാൻ വിവാദം ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ചോദിക്കുന്നു.
‘‘ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം ‘എമ്പുരാൻ’ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ, ഇല്ലാത്തവർ കാണണ്ട.
ഇതൊക്കെ ഒരു മാർക്കറ്റിംഗ് ബിസിനസ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല, ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല.
നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ, ഇതിലുള്ള ബുദ്ധിമാന്മാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അതവർക്കു കൊള്ളാം. നമുക്കെന്തു നേട്ടം ഇതിനു പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാധ്യമങ്ങൾ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിനു കൊടുക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടിൽ.’’പാര്‍വതിയുടെ വാക്കുകൾ.