വൈറൽ "മൊണാലിസ'യ്ക്ക് സിനിമ വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ
Wednesday, April 2, 2025 9:06 AM IST
ബലാത്സംഗക്കേസിൽ ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കുംഭമേള സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ ബോൺസ്ലേ എന്ന പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അടുത്തിടെ ഇയാൾ ശ്രദ്ധനേടിയിരുന്നു.
സനോജ് മിശ്രയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 2020 ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ താമസിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് മിശ്രയെ കണ്ടുമുട്ടിയതെന്ന് പരാതിക്കാരിയായ 28 കാരി പറയുന്നു.
2021 ജൂൺ 18ന് യുവതിയെ സംവിധായകൻ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോവുകയും മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും എടുത്തതായും അവ ഉപയോഗിച്ച് തന്നെ പിന്നീടു ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു. വിവാഹ വാഗ്ദാനങ്ങളും സിനിമാ അവസരങ്ങളും വാഗ്ദാനം ചെയ്ത ലിവ് ഇൻ ബന്ധത്തിന് നിർബന്ധിച്ചതായും യുവതി പറയുന്നു. നാലു വർഷമായി തുടരുന്ന പീഡനത്തിനിടെ ഗർഭിണിയായ യുവതിയെ ഗർഭഛിദ്രത്തിന് സംവിധായകൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്.