എമ്പുരാനിൽ 17 അല്ല, 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും വെട്ടിയൊതുക്കി; വില്ലന്റെ പേരും മാറ്റി
Tuesday, April 1, 2025 1:15 PM IST
വിവാദങ്ങളെ തുടർന്ന് റീ എഡിറ്റ് ചെയ്ത എന്പുരാനിൽ വെട്ടിമാറ്റിയിരിക്കുന്നത് 24 ഭാഗങ്ങൾ. നേരത്തെ 17 ഭാഗങ്ങളിലാണ് എഡിറ്റിംഗ് വരുത്തുക എന്നായിരുന്നു റിപ്പോർട്ട്. ഇത് മാറി ഇപ്പോൾ 24 ഭാഗങ്ങളാണ് വെട്ടിയിരിക്കുന്നത്.
സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവൻ ഒഴിവാക്കി. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
എൻഐഎ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്തു. പ്രധാന വില്ലൻ കഥാപാത്രവും വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിലും വെട്ട് വീണിട്ടുണ്ട്.
വിമർശനങ്ങൾ ശക്തമായതോടെയാണ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കളടക്കം തീരുമാനിച്ചത്. മോഹൻലാലും ഖേദം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.
എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന് ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.