നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു: ‘എമ്പുരാൻ’ വിവാദത്തില്‍ ആസിഫ് അലി
Tuesday, April 1, 2025 11:02 AM IST
സിനിമയെ സിനിമയായി കാണണമെന്നു നടന് ആസിഫ് അലി. എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം വളരെ വലുതാണ്. വീട്ടിലിരുന്നും കൂട്ടുകാരുടെ കൂടെ ഇരുന്നും എഴുതിവിടുന്ന ചില അഭിപ്രായങ്ങളും കമന്റ്സും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്കു പോകും. അതൊക്കെ ഈ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയെ സിനിമയായി കാണണം.
ആ മൂന്നു മണിക്കൂർ അല്ലെങ്കിൽ രണ്ടര മണിക്കൂർ സിനിമ എന്റർടെയ്ൻമെന്റ് എന്ന നിലയിൽ കാണണം. ജീവിച്ചിരിക്കുന്നവരായി യാതൊരു ബന്ധവുമില്ലെന്നും ഇതു സാങ്കൽപ്പികമാണെന്നും എഴുതി കാണിക്കാറുണ്ട്.
സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം. സിനിമയായാലും ചുറ്റുപാടുകളായാലും അതിൽ നിന്നും ഏതൊക്കെ സ്വീകരിക്കണമെന്നത് നമ്മുടെ കൈകളിലായിരിക്കണം.
സോഷ്യൽ മീഡിയയ്ക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. ഒരാളെ കുറ്റം പറയാൻ അഞ്ചോ ആറോ പേർ തുനിഞ്ഞിറങ്ങി കഴിഞ്ഞാൽ അവരെ പിന്തുണയ്ക്കുക എന്നതാണ് സ്ഥിരമായി കാണുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുക എന്നു പറയില്ലേ. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്കു കൊണ്ടുപോകാതിരിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക.
സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. നമ്മളെ അറിയുന്നവരും അറിയാത്തവരുമൊക്കെ നമ്മളെ തന്നെ ലക്ഷ്യം വച്ച് കുറ്റം പറയുമ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുക എന്നതാണ് നമ്മൾ ശീലിച്ചിട്ടുള്ളത്. അതു തന്നെയാകും ഈ വിഷയത്തിലും സ്വീകരിക്കുക.’’– ആസിഫ് അലിയുടെ വാക്കുകൾ.