റിലീസ് ദിവസം എമ്പുരാന് ഉഗ്രന്‍ പടമെന്ന് പറഞ്ഞ മേജർ രവി പിന്നീട് ഇതൊക്കെ വർഗീയതയല്ലേയെന്ന് ചോദിച്ചത് എന്തിന്?
Monday, March 31, 2025 4:21 PM IST
മേജർ രവിയുടെ ഇരട്ടത്താപ്പ് നയത്തെക്കുറിച്ചാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ചകൾ. എമ്പുരാൻ റിലീസ് ദിവസം മോഹൻലാലിനൊപ്പം ഫാൻസ് ഷോ കണ്ടിറങ്ങിയ രവി ആദ്യം പറഞ്ഞത് ഉഗ്രൻ പടമാണെന്നും ഒരു ഡയറക്ടറുടെ ഡ്രീം ആണ് ഇതുപോലെ ഒരു പടം ചെയ്യാൻ പറ്റുക എന്നതെന്നും മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു.
എന്നാൽ ഒരുദിവസം പിന്നിട്ടപ്പോഴെ ആദ്യം പറഞ്ഞ അഭിപ്രായത്തിൽ നിന്നും ഓന്തിനെ നാണം കെടുത്ത രീതിയിൽ നിറം മാറാൻ മേജർ രവിക്ക് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമാണ് ആരാധകരടക്കം ഉന്നയിക്കുന്നത്.
എമ്പുരാൻ എന്ന സിനിമ റിലീസിന് മുന്നേ മോഹൻലാൽ കണ്ടിട്ടില്ലായിരുന്നുവെന്നും ഈ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താൻ അറിയുന്ന മോഹൻലാൽ ഈ സംഭവങ്ങളിൽ ഉറപ്പായും മാപ്പ് പറയുമെന്നുമായിരുന്നു ശനിയാഴ്ച ഫേസ്ബുക്ക് ലൈവിലെത്തി രവി പറഞ്ഞത്. പിറ്റേന്ന് മോഹൻലാലിന്റെ വക അതിഗംഭീര ഖേദപ്രകടനവും. എന്തിനാണ് ഇതിൽ മേജർ രവി ഇത്രയധികം അക്ഷമനാകുന്നെതെന്നാണ് ചോദ്യങ്ങൾ.
ചിത്രം വിവാദമായപ്പോള്‍ മുരളി ഗോപിയെ വിമര്‍ശിക്കുകയാണ് മേജര്‍ രവി. മുരളിയോട് പറയാനുള്ളത് മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളേയും ശൂലങ്ങളേയും കാണിക്കുന്നുണ്ട്. എവിടുന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്ട്ട്മെന്റിനകത്ത് 53 പേര് മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ എന്നും മേജര്‍ രവി ചോദിക്കുന്നു.
മേജര്‍ രവിയുടെ ഫേസ്ബുക്ക് ലൈവിലെ വാക്കുകള്‍
കഥ കേട്ട് കഴിഞ്ഞ് ഒക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടില്ല. സിനിമ റിലീസ് ആവുന്നതിനുമുമ്പ് അദ്ദേഹം ഫുള്‍ സിനിമ കാണില്ല. കീര്‍ത്തിചക്ര പോലും അദ്ദേഹം കണ്ടിട്ടില്ല. റിലീസിന് മുമ്പ് സിനിമ കാണുന്ന സ്വഭാവം ഇല്ല.
ഈ സിനിമക്കും അത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിന് വളരെയധികം മാനസികമായി വിഷമമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്. അതില്‍ കണ്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്.
അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇത്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണൂ. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്.
മുരളിയോട്, മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളേയും ശൂലങ്ങളേയും കാണിക്കുന്നുണ്ട്. എവിടുന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്ട്ട്മെന്റിനകത്ത് 53 പേര് മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ.
ബിജെപിക്ക് ഒരു ഉപകാരവുമില്ലാതെ ബിജെപിക്കാരെന്ന് പറഞ്ഞ് നടക്കുന്ന കുറേ ഇത്തിള്‍ക്കണ്ണികള്‍ ഈ പാര്‍ട്ടിയിലുണ്ട്. ഏതെങ്കിലും ഒരു തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഇവന്മാരെക്കൊണ്ട് അഞ്ച് പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല.
സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്ന കുറേ എണ്ണമുണ്ട്. ഇവരെയെല്ലാം ആദ്യം ചികഞ്ഞെടുത്ത് വെളിയില്‍ തള്ളണം. അവരാവും സിനിമ കാണുന്നില്ല. അതില്‍ രാജ്യസ്നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പടം കണ്ടിട്ട് അത് പ്രശ്നമാണെന്ന് മനസിലാക്കുമായിരുന്നു.