റീ-സെൻസറിംഗിന് മുൻപേ എന്പുരാൻ കാണാൻ ജനസാഗരം; ഞായറാഴ്ച മാത്രം ബുക്ക് ചെയ്തത് രണ്ടുലക്ഷം ടിക്കറ്റുകൾ
Monday, March 31, 2025 10:04 AM IST
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ചിത്രം കാണാൻ തിയറ്ററുകളിലേയ്ക്ക് എത്തുന്നത് ജനസാഗരം.
എമ്പുരാൻ സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് തിങ്കളാഴ്ച മുതൽ തിയറ്ററുകളിൽ എത്തുമെന്ന സൂചന ലഭിച്ചതോടെയാണ് വെട്ടിമാറ്റുന്നതിനു മുൻപ് എമ്പുരാൻ കാണാൻ ഞായറാഴ്ച ആളുകൾ എത്തിയത്.
ഇരുപത്തിനാലു മണിക്കൂറിനിടെ സിനിമയുടെ ബുക്കിംഗ് രണ്ടു ലക്ഷം കവിഞ്ഞു എന്ന് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. വീക്കെൻഡും ഈദ് അവധിയും ഒരുമിച്ച് വന്നതോടെ കുടുംബ പ്രേക്ഷകർ ഉൾപ്പടെയുള്ളവർ എമ്പുരാൻ കണ്ട് അവധി ആഘോഷിക്കാൻ എത്തുകയാണ്.
വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനിൽ മാറ്റങ്ങൾ വരുത്തുകയാണ്. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പില്‍ 17 ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.