വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
Monday, March 31, 2025 9:28 AM IST
വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റ് ചെയ്ത എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തും. വൈകുന്നേരത്തോടെയാണ് റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം.
ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെന്ര് ബോര്‍ഡ് നിര്‍ദേശം നൽകിയിരുന്നു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്.
ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ചിത്രത്തിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായകനായ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.
സംവിധായകന് പൃഥ്വിരാജും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാൽ കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ സിനിമ കാണാന്‍ തിയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒറ്റദിവസംകൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.