48 മണിക്കൂറിനുള്ളിൽ 100 കോടി; ചരിത്രനേട്ടവുമായി എമ്പുരാൻ
Saturday, March 29, 2025 8:50 AM IST
ആവേശത്തിന്റെ അലകടൽ സൃഷ്ടിച്ചെത്തിയ എന്പുരാൻ പുതിയ റിക്കാർഡിലേയ്ക്ക്. ചിത്രം 100 ക്ലബ്ബിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്പുരാന് ഈ നേട്ടം കൈവരിച്ചത്.
സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാൽ കുറിച്ചു. അസാധാരണമായ ഈ വിജയത്തിന്റെ ഭാഗമായതിന് എല്ലാവര്ക്കും നന്ദിയെന്ന് പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ എന്നീ സിനിമകൾ ഇതിനു മുൻപ് 100 കോടി ക്ലബ്ബിൽ കയറിയ മോഹൻലാൽ സിനിമകളാണ്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്പുരാന് ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.