‘എമ്പുരാന്’ ആവേശത്തില്‍ കോട്ടയവും
Thursday, March 27, 2025 1:40 PM IST
സിനിമാ ആരാധകര്‍ ആവേശത്തോടും പ്രതീക്ഷയോടും കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ആവേശപൂരത്തില്‍ കോട്ടയത്തെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടങ്ങി. ഇന്നു രാവിലെ ആറിന് ആദ്യ ഷോ പ്രദര്‍ശനം നടന്നു.
ഇന്നലെ രാത്രി മുതൽ സിനിമാ പ്രേമികളുടെയും മോഹന്‍ലാല്‍ ആരാധകരുടെയും ആവേശവും ആരവവും തുടങ്ങിയിരുന്നു. റിലീസ് ദിനമായ ഇന്നു ജില്ലയിലെ 25 തിയറ്ററുകളിലായി 198 പ്രദര്‍ശനങ്ങളാണുള്ളത്. റിലീസിംഗിനു മുന്നോടിയായി ഇന്നലെ രാത്രി ഒമ്പതു മുതല്‍ വിവിധ തിയറ്ററുകളില്‍ ഡിജെ പാര്‍ട്ടിയും കരിമരുന്നു കലാപ്രകടനവും ഉണ്ടായിരുന്നു. തിയറ്ററുകളുടെ മുമ്പില്‍ സിനിമയുടെയും മോഹന്‍ലാലിന്റെയും വലിയ കട്ടൗട്ടുകള്‍ ഫാന്‍സ് അസോസിയേഷന് സ്ഥാപിച്ചിട്ടുണ്ട്.
ചെണ്ടമേളവും താമ്പുലവും കരകാട്ടവും അമ്മന്‍കുടവും ആര്‍പ്പും ആഘോഷവുമായിട്ടാണ് സിനിമാ പ്രേമികള്‍ തങ്ങളുടെ പ്രിയപ്പെട്ട സിനിമയെ വരവേല്‍ക്കുന്നത്. ഷോ കണ്ടു പുറത്തിറങ്ങിയ പ്രേക്ഷകര്‍ സിനിമയേക്കുറിച്ച് നല്ല അഭിപ്രായമാണ് രാഷ്ട്രദീപികയോടു പങ്കുവച്ചത്.
ഏറ്റവും കൂടുതല്‍ പ്രദര്‍ശനം പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിലാണ്. വിവിധ സ്ക്രീനുകളിലായി 18 പ്രദര്‍ശനങ്ങളാണ് ഇവിടെയുള്ളത്. ആദ്യമായാണ് ഒരു ചിത്രം ഇത്രയധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കോട്ടയം അഭിലാഷ് തിയറ്ററില്‍ എമ്പുരാന് സ്പെഷല്‍ ഡിജെ സംഘടിപ്പിച്ചത്. സിനിമാ റിലീസിംഗില്‍ സന്തോഷം പങ്കുവച്ച് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലും കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളിലും സൗജന്യ ഭക്ഷണ വിതരണവും നടത്തുന്നുണ്ട്.