അപ്രതീക്ഷിത വെല്ലുവിളി; വിക്രത്തിന്റെ ചിത്രം തിയറ്ററുകളിലെത്തിയില്ല
Thursday, March 27, 2025 1:04 PM IST
വിക്രത്തെ നായകനായി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വീര ധീര സൂരന്റെ റിലീസ് മുടങ്ങി. ചിത്രം മാർച്ച് 27 വ്യാഴാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്.
തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്നം.
ചിലപ്പോള്‍ ഉച്ച ഷോകളും, വൈകുന്നേരം ഷോകളും നടന്നേക്കും എന്നാണ് വിവരം. പ്രശ്ന പരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം.
ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടൈൻമെന്റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പിവിആർ, സിനിപോളിസ് പോലുള്ള പ്രമുഖ തിയേറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി ബി4യുവിന് നിർമാതാക്കള്‍ ഏഴ് കോടി രൂപ നല്‍കണം എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിവരം. അതേ സമയം വിക്രവും സംവിധായകനും അടക്കം തങ്ങളുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരിച്ചുനല്‍കി പ്രതിസന്ധി പരിഹരിക്കും എന്ന് സൂചനയുണ്ട്. ഉച്ചയോടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും എസ്.ജെ. സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ എമ്പുരാന് റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.