എന്നെ ഞാനാക്കിയ അച്ഛന്; എമ്പുരാൻ സുകുമാരന്‍ സമർപ്പിച്ച് പൃഥ്വിരാജ്
Thursday, March 27, 2025 12:52 PM IST
എമ്പുരാന് തിയറ്ററുകളിലെത്തുമ്പോള്‍ അച്ഛൻ സുകുമാരനെ ഓർത്ത് പൃഥ്വിരാജ് സുകുമാരന്‍. അച്ഛാ എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന് എന്നാണ് എമ്പുരാന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
‘എന്നെ ഞാനാക്കിയ അച്ഛന്’ എന്ന താങ്ക്സ് കാർഡും ‘എമ്പുരാൻ’ സിനിമയുടെ ടൈറ്റിൽ കാർഡിൽ കാണിക്കുന്നുണ്ട്. പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.
ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറിനായിരുന്നു ലോകമെന്പാടുമായി എമ്പുരാൻ റിലീസ് ചെയ്തത്. കൊച്ചിയിലെ കവിത തിയറ്ററിലാണ് എന്പുരാനിലെ താരങ്ങളെല്ലാവരും സിനിമ കാണാൻ എത്തിയത്. മോഹൻലാൽ, ഭാര്യ സുചിത്ര, മകൻ പ്രണവ്, പൃഥ്വിരാജ്, ടൊവീനോ, മഞ്ജു വാര്യർ, മല്ലിക സുകുമാരൻ, ഇന്ദ്രജിത്ത്, പൂർണിമ തുടങ്ങി എല്ലാവരും രാവിലെ 5.30യോടെ എത്തി.
കേരളത്തില്‍ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എമ്പുരാന് റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തിയറ്ററുകളിലും ആരാധകർ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു.
റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്പുരാന് ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.