"കളക്ഷന്‍ പുറത്തുവിടുന്നതില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല'; കുഞ്ചാക്കോ ബോബനെതിരേ ഫിയോക്
Wednesday, March 26, 2025 12:51 PM IST
സിനിമകളുടെ കളക്ഷന്‍ വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരേ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ വരുമാനം സംബന്ധിച്ച് കുഞ്ചാക്കോ ബോബന് എന്ത് വ്യക്തത കുറവാണ് ഉള്ളതെന്ന് ഫിയോക് ചോദിച്ചു.
സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു.
വിജയിച്ച 10 ശതമാനം സിനിമകളല്ല പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിര്‍മാതാക്കളുടെ അവസ്ഥ കൂടി കാണണം. പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ "അമ്മ' നിര്‍മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു. കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടത്.
പുതുമുഖ നിര്‍മാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് കണക്ക് പുറത്തുവിട്ടത്. തീയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകള്‍. പരിചയമില്ലാത്ത പുതിയ നിര്‍മതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷന് പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തെത്തിയത്. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന് തള്ളിക്കളയുകയായിരുന്നു.
തങ്ങളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകള്‍ നിന്നുമാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും നടന് വ്യക്തമാക്കിയിരുന്നു.