അന്ത ആൾക്ക് കാറ് കൈയിൽ കിട്ടിയാൽ കിളിപോകും; ത്രില്ലറുമായി മോഹൻലാലിന്റെ വരവ്; "തുടരും' ട്രെയിലർ
Wednesday, March 26, 2025 10:37 AM IST
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന "തുടരും' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിന്റേജ് മോഹൻലാലിനെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഒപ്പം താരത്തിന്റെ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന ട്രെയിലർ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നുണ്ട്.
ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ താരനിരയിലുണ്ട്. കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.