പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് വിനായകൻ
Tuesday, January 21, 2025 12:03 PM IST
പൊതുഇടത്തില്‍ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
‘‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ.’’–വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്.
മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്റെ പേരിൽ എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിനു കൈമാറുകയും ചെയ്തിരുന്നു.