ആരാധകരെ ഇതാ നിങ്ങളുടെ ജതിൻ രാംദാസ്; എമ്പുരാനിലെ ടൊവീനോയുടെ ലുക്ക്
Tuesday, January 21, 2025 9:42 AM IST
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ടൊവീനോ തോമസിന്റെ ലുക്ക് പുറത്ത്. ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. അധികാരം ഒരു മിഥ്യയാണ് എന്ന ടാഗ്ലൈനോടെയാണ് ജതിൻ രാംദാസിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ലൂസിഫറിൽ അതിഥിവേഷത്തിലെത്തിയ ജതിൻ രാംദാസ് എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുക. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന് രാംദാസ് എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേർന്നാണ്.