കണ്ണീരടക്കാനാകുന്നില്ല; കോള്‍ഡ് പ്ലേയുടെ സംഗീത നിശയില്‍ പങ്കെടുത്ത് ശ്രേയ ഘോഷാല്‍
Monday, January 20, 2025 4:34 PM IST
ലോകപ്രശസ്ത റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. പിതാവ് ബിശ്വജിത് ഘോഷാലിനും പങ്കാളി ശൈലാദിത്യയ്ക്കുമൊപ്പമാണ് ശ്രേയ പരിപാടി കാണാനെത്തിയത്. കോള്‍ഡ് പ്ലേ മുംബൈയില്‍ ഒരുക്കിയ സംഗീത വിരുന്നിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയായിരുന്നു ശ്രേയ ഘോഷാലും കുടുംബാംഗങ്ങളും ആസ്വാദകരായി എത്തിയത്.
കോള്‍ഡ്പ്ലേയോട് അതിരില്ലാത്ത സ്നേഹം അറിയിക്കുകയാണെന്നും ക്രിസ് മാര്‍ട്ടിനും മറ്റ് ബാന്‍ഡ് അംഗങ്ങളും ചേര്‍ന്ന് മുംബൈയ്ക്ക് ഒരു മാന്ത്രിക രാത്രി സമ്മാനിച്ചുവെന്നും ശ്രേയ ഘോഷാല്‍ പറയുന്നു. 70 കഴിഞ്ഞ തന്റെ പിതാവ് സംഗീത പരിപാടി ഏറെ ആസ്വദിച്ചെന്നും തനിക്ക് കണ്ണീരടക്കാനാകുന്നില്ലെന്നും ശ്രേയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ശനിയാഴ്ചയാണ് കോള്‍ഡ് പ്ലേയുടെ സംഗീത നിശയ്ക്ക് മുംബൈയില്‍ തുടക്കമായത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ആഘോഷ രാവിലേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അരലക്ഷത്തോളം സംഗീത പ്രേമികള്‍ ഒഴുകിയെത്തി. ഇനി ചൊവ്വാഴ്ചയാണ് പാട്ടുമായി കോള്‍ഡ് പ്ലേ വേദിയിലെത്തുക.
2016 മുംബൈയില്‍ നടന്ന ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ അവരുടെ ആദ്യ പ്രകടനത്തിന് ശേഷം കോള്‍ഡ് പ്ലേ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്.
ക്രിസ് മാര്ട്ടിന്, ജോണി ബക്ക്ലാന്‍ഡ്, ഗൈ ബെറിമാന്‍, വില്‍ ചാംപ്യന്‍ എന്നിവരടങ്ങുന്ന ബ്രിട്ടീഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ് പ്ലേ. ജനുവരി 25,26 തീയതികളില്‍ അഹമ്മദാബാദിലാണ് കോള്‍ഡ്പ്ലേയുടെ അടുത്ത പരിപാടി.