സ്വപ്നത്തിൽ പോലും വിവാഹിതയാകുമെന്ന് കരുതിയിട്ടില്ല; വിവാഹവാർഷികദിനത്തിൽ ലെന
Monday, January 20, 2025 9:37 AM IST
ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നടി ലെന. ഭർത്താവ് പ്രശാന്തുമൊത്തുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോ പങ്കുവച്ചാണ് നടി വിവാഹവാർഷികത്തെക്കുറിച്ച് പറഞ്ഞത്.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ് കടന്നുപോയതെന്നും വിവാഹിതയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത താൻ ആണ് ഇപ്പോൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതെന്നും ലെന പറയുന്നു.
""വന്യമായ സ്വപ്നത്തിൽ പോലും ഞാൻ വിവാഹിതയാകുമെന്നു കരുതിയിട്ടില്ല. ആ ഞാനിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ് കഴിഞ്ഞുപോയത്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങൾ സമ്മാനിച്ചതിന് ദൈവത്തിനും എന്റെ പ്രിയപ്പെട്ട ഭർത്താവ് പ്രശാന്തിനും ഞാൻ നന്ദി പറയുന്നു.'' ലെന പറഞ്ഞു.
ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. 2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം വിവാഹ വാർത്ത പുറത്തുവിടാം എന്നായിരുന്നു തീരുമാനിച്ചതെന്ന് ലെന പറഞ്ഞിരുന്നു.