സെയ്ഫ് അലിഖാന്റെ ഫ്ലാറ്റിൽ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ഏലിയാമ്മ
Friday, January 17, 2025 11:31 AM IST
ബാന്ദ്രയിലെ വീട്ടിൽ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റിൽ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ മുറിയിൽ നിന്ന് ഇവർ നിലവിളിച്ചത് കേട്ടാണ് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേയ്ക്ക് ഓടിയെത്തിയത്. ഏലിയാമ്മയ്ക്കൊപ്പമായിരുന്നു നടന്റെ ഇളയമകൻ ജെഹ് ഉറങ്ങിയത്.
അക്രമി കുഞ്ഞിന്റെ അടുത്തേക്ക് വരുന്നത് കണ്ട ഏലിയാമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നു. കുഞ്ഞിന് പ്രതിരോധം തീർക്കാൻ ശ്രമിക്കവേ ഏലിയാമ്മയുടെ കൈയ്ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരുടെ നിലവിളി കേട്ട് മുറിയിലേയ്ക്ക് ഓടിയെത്തിയ സെയ്ഫിനെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു.
കുട്ടികളെ അപായപ്പെടുത്താതിരിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് ഏലിയാമ്മയുടെ മൊഴിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നാല് വർഷമായി സെയ്ഫ് അലിഖാന്റെ മക്കളുടെ ആയയായി ഇവർ ഈ കുടുംബത്തിനൊപ്പമുണ്ട്. സെയ്ഫ് അലി ഖാൻ, ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസുള്ള ജെഹ്, എട്ട് വയസുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് അപ്പാർട്ട്മെന്റിലെ 11-ാം നിലയിലുണ്ടായിരുന്നത്.
അതേസമയം അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുംബൈയിലെ ലീലാവതി ആശുപത്രി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായതായും സുഖം പ്രാപിക്കുകയാണെന്നും വ്യക്തമാക്കിയത്.
ആക്രമണത്തിൽ സെയ്ഫിന് ആറു മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന് ചികിത്സയിലുള്ള ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അക്രമി വീടിനകത്തു പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തുകയായിരുന്നു സെയ്ഫ്. കുട്ടികളെയും ജോലിക്കാരെയും സംരക്ഷിക്കാനായി അക്രമിയോട് മല്ലിടുമ്പോഴാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. നട്ടെല്ലിന് സമീപത്തായി ആറ് കുത്തുകളാണ് ഏറ്റത്. അതിൽ രണ്ടെണ്ണം ഗുരുതരമായിരുന്നു. മുറിവിൽ നിന്നും കത്തിയുടെ രണ്ടര ഇഞ്ചുള്ള കഷ്ണം പുറത്തെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. നട്ടെല്ലിന്റെ ആവരണം തുളച്ചു സ്രവം പുറത്തുവന്ന അവസ്ഥയിലായിരുന്നു.
പുലർച്ചെ മൂന്നരയ്ക്കാണ് സെയ്ഫ് ആശുപത്രിയിലെത്തിയത്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടരമണിക്കൂറോളം നീണ്ടു. ന്യൂറോ സര്‍ജനും കോസ്മെറ്റിക്സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.