കുറച്ചു കൂടി നന്നാക്കാമായിരുന്നു, ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല: ശങ്കർ
Wednesday, January 15, 2025 3:25 PM IST
ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ സിനിമയിൽ പൂർണ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ശങ്കർ. ഇതിലും നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും സിനിമ മൊത്തം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നുവെന്നും ശങ്കർ പറയുന്നു.
റാം ചരൺ നായകനായെത്തിയ ചിത്രം ഈ മാസം 10 നായിരുന്നു റിലീസ് ചെയ്തത്. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയമായി മാറിയിരുന്നു.
""സിനിമയുടെ ഫൈനൽ ഔട്ട്പുട്ടിൽ ഞാൻ പൂർണമായും തൃപ്തനല്ല. ഇതിലും നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു. സിനിമ മൊത്തം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു. ഞങ്ങൾ പിന്നെ അത് ട്രിം ചെയ്തു. സമയപരിമിതി കാരണം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. ഇത് ഒരു ശിൽപിയുടെ ജോലി പോലെയാണ്. നമ്മൾ ഒരു ശിൽപം ഉണ്ടാക്കുന്നു, അത് ക്രമേണ രൂപപ്പെടുത്തണം''. ശങ്കർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു. യഥാർഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.