രണ്ടുമാസം അമ്മയെ വിളിച്ചുകരഞ്ഞു ഒടുവിൽ ലണ്ടനിൽ നിന്നും പഠനം ഉപേക്ഷിച്ചുപോന്നു; സാനിയ അയ്യപ്പൻ
Wednesday, January 15, 2025 2:52 PM IST
വിദേശത്ത് പഠിക്കാന്‍ പോയ തനിക്കു തിരിച്ചുവരേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാനിയ അയ്യപ്പൻ. ലണ്ടനിൽ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി ആറുമാസത്തിനുള്ളിൽ തിരിച്ചുപോന്നെന്നും വംശീയ അധിക്ഷേപം നേരിട്ടെന്നും സാനിയ പറയുന്നു.
ആരും കൂട്ടുകൂടാൻ പോലും ഉണ്ടായിരുന്നില്ലെന്നും രണ്ടുമാസത്തോളം അമ്മയെ വിളിച്ച് കരയുകയായിരുന്നുവെന്നും സാനിയ പറഞ്ഞു. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
""എല്ലാം സംഭവിച്ചത് 2024 ലാണ്. എല്ലാം വിട്ട് സമാധാനമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി. ഈ ചെറിയ പ്രായത്തിൽ അങ്ങനെ ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്. അത്രയും ഡിപ്രസിംഗ് ആയ ഘട്ടമായിരുന്നു അത്. ഫിലിപ്പീൻസിലേക്ക് ഗേൾസ് ട്രിപ്പ് പോയി വന്നതോടെ താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
തന്റെ മാത്രം ആഗ്രഹപ്രകാരമാണ് പുറത്ത് പഠിക്കാൻ പോയത്. ആറ് മാസം കഴിഞ്ഞ് തിരിച്ച് വന്നു. ചില പ്രശ്നങ്ങൾ കാരണമാണ് തിരിച്ച് വന്നത്. പല കുട്ടികളും അവിടെ എക്സെറ്റൈഡായി പോകും. പക്ഷെ പിന്നീട് തിരിച്ച് വരാനുള്ള ഓപ്ഷനില്ല. എനിക്ക് അങ്ങനെയൊരു ഓപ്ഷനുള്ളത് കൊണ്ട് തിരിച്ച് വന്നു. അല്ലെങ്കിൽ അവിടെ പോയി പെടേണ്ടതാണ്.
ലോണെടുത്ത് പോകുന്ന കുട്ടികൾക്ക് അവിടെയൊരു എൻജോയ്മെന്റുണ്ടെന്ന് തോന്നുന്നില്ല. പാർട് ടൈം ജോബ് അല്ലെങ്കിൽ അസൈൻമെന്റുകൾ. ലണ്ടനിൽ പഠിക്കുക എന്നതിനപ്പുറം ബാക്കിയെല്ലാം സ്ട്രഗിൾ തന്നെയാണ്. എന്റെ ബാച്ചിലുണ്ടായിരുന്നത് ബ്രിട്ടീഷ് ടീനേജ് കിഡ്സ് ആണ്. അവർ വല്ലാതെ വംശീയതയുള്ളവരാണ്. ടീനേജിലെ പിള്ളേരെ നമ്മൾ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ട് മാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു.
ബിഎ ആക്ടിംഗ് ആന്റ് ഡയറക്ഷനാണ് ഞാനെടുത്ത കോഴ്സ്. കൂടെ പെയർ ചെയ്യാൻ ആരുമുണ്ടാകില്ല. പ്രൊഫസറായിരിക്കും പെയർ ചെയ്യുക. നാട്ടിൽ മെച്ചപ്പെട്ട ജീവിതമുണ്ട്, ഞാനെന്തിന് ഇവിടെ സ്ട്രഗിൾ ചെയ്യുന്നതെന്ന ചിന്ത വന്നു. യൂണിവേഴ്സിറ്റി മുഴുവൻ പണവും തിരിച്ച് തന്നു. അങ്ങനെ താൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.'' സാനിയ പറഞ്ഞു.
സ്വർഗവാസൽ ആണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രത്തിൽ ആർജെ ബാലാജിയാണ് നായകനായെത്തിയത്. മലയാളത്തിൽ എമ്പുരാനാണ് സാനിയയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്.