ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യൻ; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി അൻഷു
Wednesday, January 15, 2025 12:51 PM IST
പൊതുവേദിയില്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന് ത്രിനാഥ് റാവു നക്കിനയെ പിന്തുണച്ച് നടി അൻഷു അംബാനി. ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ നടി പറഞ്ഞു.
""ഇൻഡസ്ട്രിയിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്ന സംവിധായകനാണ് അദ്ദേഹം. ഒരു കുടുംബാംഗത്തെ പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്.
ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്.’’അൻഷു പറഞ്ഞു.
20 വര്‍ഷത്തിനുശേഷമാണ് അന്‍ഷു സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മസാക്ക എന്ന പുതിയ ചിത്രത്തിലൂടെ ത്രിനാഥയാണ് അന്‍ഷുവിന് വീണ്ടും അവസരം നല്‍കിയത്. ഈ സിനിമയുടെ ടീസര്‍ ലോഞ്ചിംഗിനിടെയാണ് ത്രിനാഥ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.
നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. ‘‘അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്. ഇവള് എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി.
അന്‍ഷുവിന് വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വെക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള് മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും”. ത്രിനാഥ റാവു നക്കിനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്. ഇത് ആദ്യമായല്ല സംവിധായകന് വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ സംവിധായകൻ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.