777 ചാർലിയുടെ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു; വധു കാസർഗോഡുകാരി
Wednesday, January 15, 2025 11:19 AM IST
കന്നഡ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു. കാസർഗോഡ് സ്വദേശിയും ലണ്ടനിൽ സ്ഥിരതാമസക്കാരിയുമായ മലയാളി അനയ വസുധയാണ് വധു. ഞായറാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. കിരൺരാജ് തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ വർഷം യുകെയിലേക്ക് അനിമേഷൻ പഠിക്കാൻ പോകവേയുള്ള യാത്രയ്ക്കിടയിലാണ് അനയയെ കണ്ടുമുട്ടിയതെന്ന് കിരൺരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ ഒരുപോലെയാണെന്നും കിരൺ പറഞ്ഞിരുന്നു. യുകെയിൽ ഭരതനാട്യം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ.
""വർഷങ്ങൾക്ക് മുൻപേ അവരുടെ കുടുംബം യുകെയിൽ സ്ഥിരതാമസമാണ്. അനയയുടെ കുടുംബവും കാസർഗോഡുകാരാണ്, ഞാനും അവിടെ തന്നെയാണ് ജനിച്ചതും വളർന്നതുമൊക്കെ. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ഒരു ഘടകം ഇതാണ്. എന്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്''. കിരൺരാജ് പറഞ്ഞു.
777 ചാർലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് കിരൺരാജ്. രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കന്നട ചിത്രത്തിനുള്ള ദേശീയ അവാർഡും കിരൺരാജ് സ്വന്തമാക്കി.