ഒടുവിലാനെ വട്ടംകറക്കിയ ജയറാം
ജോൺ ജെ. പുതുച്ചിറ
Tuesday, November 26, 2024 11:31 AM IST
സ്വരം മാറ്റി സംസാരിച്ച് സഹപ്രവര്‍ത്തകരെ പറ്റിക്കുക ഒരുകാലത്ത് ജയറാമിന്റെ സ്ഥിരം നമ്പറായിരുന്നു. ജയറാം ഒരുനാള്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ വിളിച്ചു. പിന്നെ മമ്മൂട്ടിയുടെ സ്വരത്തില്‍ കുശലാന്വേഷണം, ലോഹ്യങ്ങള്‍, സൗഹൃദവര്ത്തമാനങ്ങള്...
പിറ്റേന്ന് ഡബ്ബിംഗ് തിയറ്ററില്‍വച്ച് ജയറാമിനെയും സത്യന് അന്തിക്കാടിനെയും മറ്റും കണ്ടപ്പോള്‍ ഒടുവിലാന്‍ മമ്മൂട്ടിയെപ്പറ്റി പറയാൻ നൂറുനാവ്. മമ്മൂട്ടി മഹാനുഭാവന് എന്ന മട്ട്...“അല്ല ചേട്ടാ... ഈ മമ്മൂട്ടി വലിയ തണ്ടുകാരനല്ലേ, ജാഡയല്ലേ?'' ജയറാം ഒന്നുമറിയാത്തമട്ടില്‍ ചോദിച്ചു
“ഏയ് അതൊക്കെ അസൂയക്കാരു പറയുന്നതല്ലേ. മമ്മൂട്ടീന്നു പറഞ്ഞാല്‍ നല്ല ഒരു മനുഷ്യനാ. അടുത്താല്‍ ഹൃദയം പറിച്ചുതരും''. തലേന്ന് ജയറാം പറഞ്ഞതെല്ലാം ഒടുവിലാന്‍ പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചു.
അന്നു വൈകിട്ടും ഒടുവിലാനെ ‘മമ്മൂട്ടി’ വിളിച്ചു. അങ്ങനെ അവരുടെ സൗഹൃദം ശക്തിപ്പെട്ടു. കുറേ ദിവസങ്ങള്‍ക്കുശേഷം ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ നൂറാം ദിനാഘോഷം കൊച്ചിയില്‍ നടന്നു. ഒടുവിലാന്‍ അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് വീണ്ടും ‘മമ്മൂട്ടി’യുടെ ഫോണ്‍: “താന്‍ ഇവിടെ ഉണ്ടായിട്ടും എന്റെ സിനിമയുടെ ഫംഗ്ഷനു വന്നില്ല അല്ലേ?'' ഒപ്പം ശകാരവര്‍ഷം. ഒടുവിലാന്‍ എന്തോ പറഞ്ഞു തടിതപ്പാന്‍ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ‘മമ്മൂട്ടി’ പറഞ്ഞു: “ഇനിയിപ്പോ ജയറാമിന്റെ സിനിമേടെ ഏതോ ഫംഗ്ഷന് വരുന്നുണ്ട്. അതിനു താന്‍ പോകുകേലേ?''
“ഹേയ്!'' ഒടുവിലാന്റെ ആ ഹേയ് പറച്ചിലിന് നീളം കൂടുതലായിരുന്നു. “ആരുപോകും! ഇന്നലത്തെ മഴയ്ക്കു കിളുത്ത തകരയല്ലേ അവരൊക്കെ. നാളത്തെ, മഴയ്ക്കുപോകും. നമ്മളിതെത്ര കണ്ടതാ!''“ങാ! ശരി... അതിനൊന്നും പോകണ്ട കേട്ടോ''. ഒരാഴ്ച കഴിഞ്ഞ് ജയറാം ചിത്രം ‘തലയണമന്ത്ര’ത്തിന്റെ വിജയാഘോഷമുണ്ടായിരുന്നു.
ഒടുവിലാന്‍ അതില്‍ പങ്കെടുത്തില്ല. ജയറാമും ശ്രീനിവാസനും സത്യന് അന്തിക്കാടുമൊക്കെ അക്കാര്യം പറഞ്ഞ് ഒത്തിരി ചിരിച്ചു.
മറ്റൊരു ദിവസം യഥാർഥ മമ്മൂട്ടി എറണാകുളത്തും ഒടുവിലാൻ മദ്രാസിലുമായിരുന്ന സമയത്ത് മമ്മൂട്ടിയുടെ സ്വരത്തിൽ ജയറാം വീണ്ടും ഒടുവിലാനെ വിളിച്ചു. ""ങ്ങള് എറണാകുളത്താണെന്നാണല്ലോ കേട്ടത്, എപ്പോഴെത്തി മദ്രാസില്‍'' ഒടുവില്‍ മമ്മൂട്ടിയോടു കുശലാന്വേഷണം നടത്തി.
“ഞാന്‍ എറണാകുളത്തിന് പോകും, മദ്രാസിനുവരും. ഞാനെവിടെപ്പോകണമെന്ന് താനാണോ തീരുമാനിക്കുന്നത്''. വ്യാജ ‘മമ്മൂട്ടി’ ചൂടായി. മ്മൂട്ടിയെ ഒന്ന് തണുപ്പിക്കാന്‍ ഒടുവിലാന്‍ ഒത്തിരി പാടുപെട്ടു. “ഞാനിപ്പോള്‍ കോട്ടേജ് നമ്പര്‍ നയനിലുണ്ട്. താന്‍ ഇങ്ങോട്ടുവാ'' ‘മമ്മൂട്ടി’ ഒടുവിലാനെ ക്ഷണിച്ചു.
ഒടുവിലാന്‍ തിടുക്കത്തില്‍ കോട്ടേജ് നമ്പര്‍ നയനിലെത്തി. കതകു തുറന്നത് ഒരു സര്‍ദാര്‍ജി. അയാള്‍ ഒടുവിലാനെ വിരട്ടിയോടിച്ചു. വീണ്ടും ‘മമ്മൂട്ടി’യുടെ ഫോണ്‍. കോട്ടേജ് നമ്പര്‍ മറ്റൊന്നാണ്. അങ്ങോട്ടു വരൂ. അവിടെയും ചെന്ന് ഒടുവിലാന്‍ തെറികേട്ടു.
അങ്ങനെ പലവട്ടം ജയറാം മമ്മൂട്ടിയുടെ സ്വരം ഉപയോഗിച്ച് ഒടുവിലാനെ വട്ടംചുറ്റിച്ചു. ഇതിനിടെ ആരോ പറഞ്ഞ് ഒടുവിലാന്‍ ഈ കള്ളക്കളി പിടികിട്ടി. സത്യന് അന്തിക്കാട് ഇക്കാര്യം മമ്മൂട്ടിയോടു പറഞ്ഞപ്പോൾ അദ്ദേഹം അന്തംവിട്ട് ചിരിച്ചു.
പിന്നീട് ഒരുനാള്‍ ജയറാമും സത്യനും ഒടുവിലാനും എറണാകുളത്തെ സണ്‍ ഹോട്ടലില്‍ താമസിക്കുന്നു. മമ്മൂട്ടി അബാദ് പ്ലാസയിലും. അപ്പോള്‍ ഒറിജിനല്‍ മമ്മൂട്ടിയുടെ ഫോണ്‍കോള്‍ ഒടുവിലാനെ തേടിയെത്തി.
അപ്പോള്‍ ഒടുവിലാന്‍: “വെക്കടാ ഫോണ്‍. നീ കുറച്ചുനാളായി ഇതു തുടങ്ങിയിട്ട്. ഞാന്‍ കാണിച്ചുതരാം''. കലിയടങ്ങുവോളം തെറിപറഞ്ഞിട്ടാണ് അങ്ങേര് ഫോണ്‍ വച്ചത്. അതിനുശേഷം ജയറാമിനെ വിളിക്കാന്‍ റിസപ്ഷനില്‍ വിളിച്ച് നമ്പര്‍ അന്വേഷിച്ചു. “ഇപ്പോള്‍ എന്റെ മുറിയിലേക്ക് ഒരു ഫോണ്‍ വന്നല്ലോ. ആ മുറിയിലേക്ക് ഒന്ന് കണക്റ്റ് ചെയ്യൂ''.
“അയ്യോ സാര്‍, അത് അബാദ് പ്ലാസയില്നിന്നായിരുന്നു''. സംശയം തോന്നിയ ഒടുവിലാന്‍ അങ്ങോട്ടു വിളിച്ചു. അപ്പുറത്ത് സാക്ഷാല്‍ മമ്മൂട്ടി ആയിരുന്നു!