മദ്യം കൊണ്ടുപാകാന് പറ്റില്ലെന്ന് പറഞ്ഞതിന് ഉദ്യോഗസ്ഥനോട് തട്ടിക്കയറി: മഞ്ജു പത്രോസ്
Tuesday, November 26, 2024 10:04 AM IST
എയർപോർട്ടിൽ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. ഈയടുത്ത് നടത്തിയ സർജറിക്ക് ശേഷം പല ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും അതു മാനസികമായി തന്നെ ഉലച്ചുകളഞ്ഞെന്നും മഞ്ജു പത്രോസ് പറഞ്ഞു.
തായ്ലൻഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിംഗിനിടയിൽ ഓഫിസറുമായി വാക്കുതർക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
മഞ്ജു പത്രോസിന്റെ വാക്കുകൾ: ‘‘ആ സിഐഎസ്എഫ് ഓഫിസർ എന്നെക്കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്ലൻഡിൽ നിന്നു ഞങ്ങൾ തിരിച്ചുവരികയായിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്.
അവർ അത് സിപ്ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അതു സീൽ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. ഞങ്ങൾ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോൾഡർ ബാഗിൽ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്. ഹാൻഡ് ലഗ്ഗേജ് സ്ര്കീൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞു.
ഞാനുടനെ ഉച്ചത്തിൽ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാൻ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തിൽ ഞാനൽപം ഓവറായി ടെൻഷടിക്കാൻ തുടങ്ങി. എന്റെ കൂടെയുള്ളവർ എന്നോടു സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്.
‘നീ ഒന്നടങ്ങ്... എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോടു പറയുന്നുണ്ട്. ആ ഓഫിസർ വളരെ കൂൾ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീർത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോൾ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങൾ വിമാനത്തിൽ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’.
ആ സംഭവത്തിനു ശേഷമാണ് ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത സർജറിക്കു പിന്നാലെ തനിക്കു നേരിടേണ്ടി വന്ന മാനസികപ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതും വൈദ്യസഹായം തേടിയതുമെന്ന് മഞ്ജു പറഞ്ഞു.
ഹോർമോൺ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ട്. ചൂടും വിയർപ്പും ഇപ്പോഴുമുണ്ട്. എന്നാൽ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു.
സർജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടർചികിത്സ ആവശ്യമാണ്. സർജറിക്കു ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ലെങ്കിലും എനിക്കു വെറുതെ കരച്ചിൽ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചിൽ വരാൻ! അതെല്ലാം ഇപ്പോൾ മാറി.''