നിങ്ങളെ എത്ര നേരമായി കാത്തുനിൽക്കുന്നു? സൂര്യയോട് ക്ഷോഭിച്ച് പാപ്പരാസി: മാപ്പു പറഞ്ഞ് താരം-വീഡിയോ
Thursday, November 14, 2024 10:50 AM IST
കങ്കുവ സിനിമയുടെ പ്രമോഷന് വൈകിയെത്തിയ നടൻ സൂര്യയോട് കയർത്ത് പപ്പരാസികളിലൊരാൾ. നടൻ വൈകിയെത്തിയതാണ് പപ്പരാസിയെ ചൊടിപ്പിച്ചത്. മുംബൈയിൽ വച്ചുനടന്ന കങ്കുവ സിനിമയുടെ പ്രമോഷനിടെയാണ് സംഭവം.
നടൻ എത്താൻ വൈകിയത് കാരണം പരിപാടി ഏറെ താമസിച്ചാണ് തുടങ്ങിയത്. എന്നാൽ വൈകിയെത്തിയത് തന്റെ കുറ്റമല്ലെന്നും ട്രാഫിക് കാരണമാണ് വൈകിയതെന്നും സൂര്യ പറഞ്ഞു. തന്റെ നിയന്ത്രണത്തിൽപ്പെടുന്ന കാര്യമല്ലെങ്കിൽ കൂടി വൈകിയെത്തിയതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവിടെ കൂടിയ മാധ്യമ പ്രവർത്തകരോടടക്കം സൂര്യ പറഞ്ഞു.
‘‘വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് മുംബൈ ട്രാഫിക് കാരണമല്ല മറിച്ച് എയർ ട്രാഫിക് ആണ്. ഞങ്ങൾ മിക്ക ദിവസവും ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നു. ഒഴികഴിവുകൾ മാറ്റിനിർത്തി ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
ഇത് എനിക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. സർ, നിങ്ങൾക്ക് ഞങ്ങളോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് ഞാൻ കരുതുന്നു.’’ തന്നോട് ദേഷ്യപ്പെട്ട ഫോട്ടോഗ്രാഫറോട് സൂര്യ പറഞ്ഞത് ഇങ്ങനെ.