മോഹൻലാൽ ഇന്ന് കൊളംബോയിലെത്തും, മമ്മൂട്ടി അടുത്ത ദിവസം; മഹേഷ് നാരായണൻ ചിത്രം ആരംഭിക്കുന്നു
Thursday, November 14, 2024 9:07 AM IST
മലയാളത്തിന്റെ താരരാജക്കമാൻ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 11 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്.
ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് നടക്കുക. ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. ഷൂട്ടിംഗിനായി മോഹൻലാൽ വ്യാഴാഴ്ച കൊളംബോയിൽ വിമാനമിറങ്ങും. അടുത്തദിവസം കൊച്ചിയിൽ നിന്നും മമ്മൂട്ടിയും കൊളംബോയിൽ എത്തും. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്.
ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായി, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. കരൺ ജോഹർ ചിത്രങ്ങളുടെ കാമറമാനായ മാനുഷാണ് സിനിമയുടെ ഛായാഗ്രഹകൻ. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും ഡേറ്റ് നല്‍കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡീ ഏജിംഗ് ഉപയോഗിച്ച് ഇരുവരുടേയും ചെറുപ്പകാലം കാണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.
ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായകന് മഹേഷ് നാരായണനും നിർമാതാവ് സി.വി. സാരഥിയും മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫുമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
മമ്മൂട്ടിയും മോഹൻലാലും നായക വേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം 2008 റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടി(2013) യിലും ഇരുവരും ഒന്നിച്ചു.