ഒരു പാട്ടിന് മൂന്ന് കോടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ശ്രേയയും സോനുവുമല്ല, ആ ഗായകൻ മറ്റൊരാൾ
Wednesday, November 13, 2024 10:17 AM IST
പ്രതിഫലത്തിന്റെ കാര്യത്തിൽ എല്ലാവരെയും പിന്നിലാക്കി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. മൂന്നു കോടി രൂപയാണ് ഒരു പാട്ടിന് റഹ്മാൻ വാങ്ങുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് റഹ്മാനാണ്.
മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിംഗ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങി എല്ലാവരെയും കടത്തിവെട്ടിയാണ് റഹ്മാൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
സംഗീതസംവിധായകനായ റഹ്മാൻ മറ്റൊരു സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ ഈണം പാടാൻ മൂന്ന് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം പാടുന്നതിന് റഹ്മാൻ എത്ര രൂപ കൈപ്പറ്റുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റു സംഗീതജ്ഞരുടെ പാട്ടുകൾ വിരളമായി മാത്രമേ റഹ്മാൻ ആലപിക്കാറുള്ളു. സ്വന്തം പ്രോജക്ടുകളിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
മുഴുവന്‍ സമയ ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാലാണ്. 25 ലക്ഷം രൂപ വരെയാണ് ഒരു പാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷം വരെ വാങ്ങുന്ന സുനിധി ചൗഹാനാണ് മൂന്നാമത്. അർജിത് സിംഗും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 15 മുതല്‍ 18 ലക്ഷം വരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.
എന്നാൽ സംഗീത സംവിധായകനുള്ള പ്രതിഫലത്തുകയിൽ റഹ്മാൻ രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദറാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. ഒരു സിനിമയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പത്തുകോടിയാണ് അനിരുദ്ധ് വാങ്ങുന്നത്. റഹ്മാന് എട്ടുകോടിയാണ് പ്രതിഫലം.