ആ സിനിമയിൽ അഭിനയിക്കുമ്പോൾ എന്റെ ശമ്പളത്തേക്കാൾ മൂന്നിരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം
Tuesday, November 12, 2024 8:32 AM IST
കാക്ക കാക്ക എന്ന ചിത്രത്തിൽ അഭിനയിക്കുന്പോൾ തന്റെ ശന്പളത്തേക്കാൾ മൂന്നിരട്ടി അധികമായിരുന്നു ജ്യോതികയുടെ പ്രതിഫലമെന്ന് വെളിപ്പെടുത്തി സൂര്യ. കരിയറിൽ മുന്നേറുന്നതിന് ജ്യോതികയുടെ പ്രചോദനം വളരെ വലുതായിരുന്നുവെന്നും സൂര്യ ഓർത്തെടുത്തു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഹിന്ദിയിൽ ഡോളി സജാ കേ രഖ്നയ്ക്ക് ശേഷം ജ്യോതിക ആദ്യമായി അഭിനയിച്ച തമിഴ് ചിത്രത്തിൽ ഞാനുമുണ്ടായിരുന്നു. അവളുടെ രണ്ടാമത്തെ ചിത്രം എന്നോടൊപ്പമായിരുന്നു, അതിനുശേഷം ഞങ്ങൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളായി. ഞാനൊരു നടന്റെ മകനാണ്, എനിക്ക് തമിഴ് അറിയാമായിരുന്നു, എന്നിട്ടും പലപ്പോഴും ഞാനെന്റെ ഡയലോഗുകൾ മറന്നുപോയി. ആകെ കുഴങ്ങി.
അതെന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു. എന്നിട്ടും എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ ജ്യോതികയ്ക്ക് ജോലിയോടുള്ള ആത്മാർത്ഥ കണ്ട് എനിക്ക് ബഹുമാനം തോന്നി.
എന്നെക്കാൾ വളരെ നന്നായി അവൾ കാര്യങ്ങൾ മനസിലാക്കുകയും സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തു. ജ്യോതിക അതിവേഗം വിജയത്തിലേക്ക് എത്തി, എന്നാൽ ഞാൻ കരിയറിൽ സ്ഥിരത കൈവരിക്കാൻ അഞ്ച് വർഷമെടുത്തു, എന്നെ ഹീറോ എന്ന് വിളിക്കാനും സ്വന്തമായി മാർക്കറ്റ് ഉണ്ടാക്കാനും കുറച്ച് സമയമെടുത്തു. കാക്ക കാക്കയിൽ, ജ്യോതികയുടെ പ്രതിഫലം എന്നേക്കാൾ മൂന്നിരട്ടിയിൽ അധികമായിരുന്നു
അപ്പോൾ ഞാൻ ജീവിതത്തിൽ എവിടെയാണെന്ന് എനിക്കു മനസിലായി. ജ്യോതിക എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ തയ്യാറായിരുന്നു. അവരുടെ മാതാപിതാക്കളും സമ്മതിച്ചിരുന്നു. എന്റെയും ജ്യോതികയുടെയും വരുമാനത്തിന്റെ അന്തരം എനിക്ക് മനസിലായി. അവൾക്ക് തുല്യനായി ഉയരണമെന്നും അവളെ നല്ല രീതിയിൽ നോക്കാൻ പ്രാപ്തനാകണമെന്നും അന്നുതന്നെ മനസിലായി. പിന്നീട് അത് നേടിയെടുക്കാൻ പറ്റി.''
ഈയടുത്ത് ജ്യോതിക മുംബൈയിൽ സ്ഥിരതാമസമാക്കിയതിനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. “മുംബൈയിലാണ് ജ്യോതികയുടെ കുടുംബം. പ്രായമായ തന്റെ മാതാപിതാക്കളോടൊപ്പം ധാരാളം സമയം ചിലവഴിക്കാൻ ജ്യോതികയ്ക്കും ആഗ്രഹമുണ്ടാകുമല്ലോ.
മുംബൈ നഗരത്തിൽനിന്നും ചെന്നൈയിലേക്ക് കുടിയേറുമ്പോൾ ജ്യോതികയ്ക്ക് 18 വയസായിരുന്നു. പിന്നെ 27 വർഷം അവൾ എന്നോടൊപ്പം ചെന്നൈയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജ്യോതികയ്ക്ക് മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള സമയമാണെന്ന് ഞാൻ കരുതി, സൂര്യ പറഞ്ഞു.
കുട്ടികൾ മുംബൈയിൽ ഐബി സിലബസ് തിരഞ്ഞെടുത്തു. അവരും ഹാപ്പിയാണ്. ചെന്നൈയിൽ ഐബി സിലബസിൽ ഒന്നോ രണ്ടോ സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ സ്കൂളിൽ പോകുമ്പോൾ ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല.
എനിക്ക് എന്നെത്തന്നെ പരിചയപ്പെടുത്താം. തീർച്ചയായും അവർ എന്റെ പ്രൊഫഷനെക്കുറിച്ച് ചോദിക്കില്ല. സംഭാഷണം അവസാനിക്കുന്നു. അതിന് ശേഷമുള്ള സംഭാഷണങ്ങൾ വളരെ വ്യത്യസ്തമാണ്. അതിലൊരു ഭംഗിയുണ്ട്''. സൂര്യ പറയുന്നു.